
തിരുവനന്തപുരം: ഇത് ബുഷ്റയും ഷിഹാബും. പ്രമേഹ ബാധിതരായ കാെച്ചുകുട്ടികളുടെ ജീവിതത്തിന് എന്നും കൈത്താങ്ങാണ് ഇവരുടെ ജീവിതം. ടൈപ്പ് വൺ പ്രമേഹം ബാധിച്ചവർക്കായി ബാലാവകാശ കമ്മിഷനും സർക്കാരും പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവിനു പിന്നിലും ഈ ദമ്പതികളുടെ കണ്ണീരും പോരാട്ടവുമുണ്ട്. പരീക്ഷകളിൽ ഇത്തരം കുട്ടികൾക്ക് അധിക സമയം അനുവദിച്ചതുൾപ്പെടെയുള്ള പരിഗണനകളാണ് ഇവർ നേടിയെടുത്തത്.
മകൻ ഇഹ്സാന് രണ്ടുവയസുള്ളപ്പോൾ ടൈപ്പ് വൺ പ്രമേഹം പിടിപെട്ടതാണ് നിമിത്തമായത്. അന്ന് മാനസികമായി തകർന്നുപോയ ഈ മാതാപിതാക്കൾ ഇത്തരം കുട്ടികൾ ധാരാളമുണ്ടെന്നറിഞ്ഞതോടെ, എല്ലാവർക്കും കരുതൽ വേണമെന്ന വിചാരത്തിലെത്തി. ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ (കേരള) എന്ന സംഘടനയ്ക്ക് രൂപം നൽകി.
മിഠായി എന്ന പേരിൽ സർക്കാർ ചികിത്സ ഒരുക്കിയിട്ടുണ്ടെങ്കിലും അവകാശങ്ങൾ ഉറപ്പാക്കാനാണ് ഇവരുടെ പോരാട്ടം. 2,300 കുട്ടികൾ മിഠായി പദ്ധതിയിലുണ്ട്.
11 വയസുള്ള മകൻ ഇപ്പോൾ അഞ്ചാം ക്ളാസിലാണ്. തിരുവനന്തപുരം കാര്യവട്ടത്താണ് താമസം. ബുഷ്റ ഗസ്റ്റ് ലക്ചററാണ്. ഷിഹാബ് കുറച്ചുനാളായി
ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്.
പോരാട്ട വിജയം ഇങ്ങനെ
1. സ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകളിൽ അധിക സമയം അനുവദിച്ചു. സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും നടപ്പാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
2. പി.എസ്.സി. പരീക്ഷകളിൽ ഇൻസുലിൻ, മരുന്നുകൾ, ഗ്ലൂക്കോമീറ്റർ എന്നിവ ഹാളിൽ കൊണ്ടുപോകാൻ അനുമതി
3. വീടിന് അടുത്തുള്ള സ്കൂളുകളിൽ പ്ലസ് ടു വരെ പഠനം ഉറപ്പാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്.
4. പരിചരിക്കാൻ എല്ലാ സ്കൂളിലും രണ്ട് അദ്ധ്യാപകർക്കെങ്കിലും പരിശീലനം. സ്കൂളുകളിൽ പ്രത്യേക 'സിക്ക് റൂം' .
5. ടൈപ്പ് വൺ പ്രമേഹം പാഠ്യവിഷയമാക്കി.
6. ഇത്തരം ഉദ്യോഗാർത്ഥികൾക്കും മാതാപിതാക്കൾക്കും ട്രാൻസ്ഫറിന് അവരുടെ ജില്ല പരിഗണിക്കാൻ ഉത്തരവ്
7. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉത്തരവുകൾ
ടൈപ്പ് വൺ പ്രമേഹം
പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതാണ് രോഗാവസ്ഥ. രക്തത്തിലെ പഞ്ചസാര കുറഞ്ഞാൽ ബോധക്ഷയം വരെ സംഭവിക്കുന്നതിനാൽ സദാസമയവും കരുതൽ ആവശ്യമാണ്.
``കൂടുതൽ കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരായിട്ടുണ്ട്. ഇവരെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സർവേ സംഘടിപ്പിക്കണം.``
-ബുഷ്റ,ഷിഹാബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |