
കൊച്ചി: കാതടിപ്പിക്കുന്ന ശബ്ദത്തിൽ മത്സരയോട്ടം നടത്താൻ രൂപമാറ്റംനടത്തി കൊച്ചിയിൽ എത്തിയ ആഡംബരകാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിലും ശബ്ദമുണ്ടാക്കിയും രാത്രികാലങ്ങളിൽ കാർ റെയ്സിംഗ് നടക്കുന്നതായി റെസിഡന്റ്സ് അസോസിയേഷനുകൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് വാഹനങ്ങൾ പിടിയിലായത്.
ഞായറാഴ്ച അർദ്ധരാത്രി ഹൈക്കോടതിക്ക് സമീപം കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) മുന്നിലെ റോഡരികിൽ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഹോണ്ട സിവിക്, ഹോണ്ട അക്കോർഡ് കാറുകളായിരുന്നു ഇവ. ഇവയുടെ സൈലൻസറുകൾ രൂപമാറ്റം നടത്തിയതായും കാറിന്റെ ചട്ടക്കൂടിൽ സ്റ്റിക്കറുകൾ പതിച്ച് നിറം മാറ്റിയതായും പരിശോധനയിൽ വ്യക്തമായി.
കാസർകോട് സ്വദേശിയായ മൂന്നാമത്തെ കാറുകാരനും കാറുകൾ സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ പിന്നാലെയെത്തി. മുന്നിൽപ്പോയ കാറുകൾ കണ്ട് കാർ റേസിംഗാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ ഒപ്പംകൂടിയത്. സ്വിഫ്റ്റ് കാറിലെത്തിയ ഇയാളെയും കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ പണിശാലയിൽ കൊണ്ടുപോയി സൈലൻസറുകൾ അഴിച്ചു മാറ്റിയതായും പതിനായിരംരൂപവീതം പിഴചുമത്തിയതായും പൊലീസ് അറിയിച്ചു. കാറുകൾ പിന്നീട് വിട്ടയച്ചു.
കസ്റ്റഡിയിലെടുത്ത കാറുകൾ ക്വീൻസ് വാക്‌വേയിൽ കാർ റെയിസിംഗിന് എത്തിയതാണെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ എറണാകുളം എം.ജി റോഡിലുൾപ്പെടെ അമിത ശബ്ദമുണ്ടാക്കി കാറുകൾ ചീറിപ്പാഞ്ഞതായി പരാതി ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |