
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, മമത സർക്കാരിനെ രൂക്ഷമായി
കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നുദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലെത്തിയ അമിത് ഷാ ഇന്നലെ വാർത്താസമ്മേളനത്തിലും പൊതുയോഗങ്ങളിലും രൂക്ഷവിമർശനം അഴിച്ചുവിട്ടു. ബംഗ്ലാദേശ് അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ മമത സർക്കാർ സഹകരിക്കുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അതിർത്തിയിലെ വേലി നിർമ്മാണത്തിൽ മുഖം തിരിച്ചുനിൽക്കുകയാണ് മമത സർക്കാർ. വേലികെട്ടൽ പൂർണമാകാതെ അതിർത്തി രക്ഷാ സേനയ്‌ക്ക് (ബി.എസ്.എഫ്) കാര്യക്ഷമമായി പ്രവർത്തിക്കാനാകില്ല. ഇതിനായി ഏഴു കത്തുകൾ കേന്ദ്രസർക്കാർ ബംഗാൾ മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും സഹകരിക്കുന്നില്ല. എന്തിനെയാണ് മമത ഭയക്കുന്നത്. ബംഗാളിലെ നുഴഞ്ഞുകയറ്റം ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്‌ടിച്ചിരിക്കുകയാണ്. അതിർത്തി സീൽ ചെയ്യുന്ന രാജ്യസ്‌നേഹമുള്ള സർക്കാരാണ് ബംഗാളിന് ആവശ്യം. മമതയ്‌ക്ക് അതിനുസാധിക്കില്ല. ബി.ജി.പിക്ക് മാത്രമേ സാദ്ധ്യമാകൂ. തിരഞ്ഞെടുപ്പ് നേട്ടത്തിനായി മമത ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന് ഒത്താശ ചെയ്യുകയാണ്. നുഴഞ്ഞുകയറ്രക്കാരെ മുഴുവനും തെരഞ്ഞുപിടിച്ച് രാജ്യത്തുനിന്ന് പുറത്താക്കുമെന്നും ഷാ പ്രഖ്യാപിച്ചു.
നഷ്‌ടപ്രതാപം
വീണ്ടെടുക്കും
2026ൽ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. ജനം മാറ്റം ആഗ്രഹിക്കുന്നു. വികസനത്തിനും പൈതൃകത്തിനും ദരിദ്രരുടെ ക്ഷേമത്തിനും ഊന്നൽ നൽകുന്ന ശക്തമായ സർക്കാർ വരണമെന്നാണ് ജനങ്ങൾ പറയുന്നത്. മമതയുടെ 15 വർഷത്തെ ഭരണത്തിൽ ഭീതിയും അഴിമതിയും മുഖമുദ്രയായി മാറിയിരിക്കുന്നു. ബി.ജെ.പി സർക്കാർ ചുമതലയേൽക്കുന്നതോടെ ബംഗാളിന്റെ സംസ്‌കാരവും നവോത്ഥാന മൂല്യങ്ങളും അഭിമാനവും വീണ്ടെടുക്കും. രവീന്ദ്രനാഥ് ടാഗോർ, സ്വാമി വിവേകാനന്ദൻ, ബങ്കിം ചന്ദ്ര ചാറ്റർജി, ശ്യാമ പ്രസാദ് മുഖർജി എന്നിവർ വിഭാവനം ചെയ്‌ത ബംഗാൾ സ്ഥാപിക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |