SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.26 PM IST

നിയമസഭ തിരഞ്ഞെടുപ്പ് മുതിർന്നവർക്കൊപ്പം യുവനിരയ്ക്കും പ്രാമുഖ്യം നൽകാൻ കോൺഗ്രസ്

Increase Font Size Decrease Font Size Print Page
congress-in-madhyapradesh

തിരുവനന്തപുരം: അനുഭവസമ്പന്നരുടെ നിരയെ അപ്പാടെ മാറ്റിനിറുത്താതെ, യുവരക്തത്തിനും പ്രാമുഖ്യം നൽകിയുള്ള പോരാട്ട തന്ത്രമാവും കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ പയറ്റുക. കെ. കരുണാകരൻ മുമ്പ് വിജയകരമായി പരീക്ഷിച്ച് വിജയം നേടിയ തന്ത്രമാണിത്. കോൺഗ്രസ് മത്സരിക്കുന്ന ആകെ സീറ്റുകളിൽ 50 ശതമാനം യുവാക്കൾക്കും വനിതകൾക്കുമായി നീക്കി വയ്ക്കാനാണ് സാദ്ധ്യത.

2021ലെ തിരഞ്ഞെടുപ്പിൽ താരതമ്യേന കൂടുതൽ യുവാക്കൾക്ക് കോൺഗ്രസ് അവസരം നൽകിയിരുന്നു. ഇത്തവണ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം കൂടും. എന്നാൽ, ഘടകകക്ഷികളുടെ കാര്യത്തിൽ ഈ നിബന്ധന അടിച്ചേൽപ്പിക്കാനാവില്ല. വിജയ സാദ്ധ്യതയുള്ള മുതിർന്ന നേതാക്കളെ അവർക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കും. മറ്റിടങ്ങളിലാണ് യുവനേതാക്കളെ പരീക്ഷിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറക്കിയ യുവാക്കളും വനിതകളും നേടിയ ഉജ്വല വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

യുവനിരയ്ക്ക് പ്രാതിനിധ്യം നൽകുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം അഭിപ്രായം വ്യക്തമാക്കിയിരുന്നു. പാർലമെന്ററി രംഗത്ത് വനിതകൾക്ക് 50 ശതമാനം സംവരണമെന്ന നിർദ്ദേശം നേരത്തെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നെങ്കിലും തുടർ നടപടികളിലേക്ക് കടന്നില്ല.

സീറ്റ് വിഭജന ചർച്ച

ജനുവരിയിൽ

ജനുവരി ആദ്യവാരത്തിൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച തുടങ്ങും. അത് പൂർത്തിയാക്കിയാൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം.

ശബരിമല സ്വർണതട്ടിപ്പ് കേസിൽ പുതിയ അറസ്റ്റ് ഉൾപ്പെടെ നടപടികൾ കടുക്കുമ്പോൾ യു.ഡി.എഫിന് കാറ്റ് കൂടുതൽ അനുകൂലമാവുമെന്നാണ് വിലയിരുത്തൽ.

TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY