
നിക്ഷേപ നേട്ടത്തിൽ ആദ്യ സ്ഥാനങ്ങളിൽ വെള്ളിയും സ്വർണവും
കൊച്ചി: നടപ്പുവർഷം നിക്ഷേപകർക്ക് മികച്ച വരുമാനം നൽകിയ ആസ്തികളിൽ ഒന്നാം സ്ഥാനത്തോടെ വെള്ളിക്ക് ചരിത്രക്കുതിപ്പ്. നിക്ഷേപകരുടെ വരുമാന നേട്ടത്തിൽ രണ്ടാം സ്ഥാനം സ്വർണത്തിനാണ്. അതേസമയം 2020ന് ശേഷം തുടർച്ചയായി മികച്ച മുന്നേറ്റം നടത്തിയ ഓഹരികൾ ഇത്തവണ നിക്ഷേപകരെ നിരാശപ്പെടുത്തി. വെള്ളി വിലയിൽ 2025ൽ 138 ശതമാനം വർദ്ധനയുണ്ട്. സ്വർണ വില ഇക്കാലയളവിൽ 74.5 ശതമാനം ഉയർന്നു. വർഷത്തിന്റെ തുടക്കം മുതൽ സ്വർണവും വെള്ളിയും റെക്കാഡുകൾ പുതുക്കി കുതിച്ചു.
ജനുവരി ഒന്നിന് കേരളത്തിൽ പവൻ വില 57,200 രൂപയും ഗ്രാമിന്റെ വില 7,150 രൂപയുമായിരുന്നു. വർഷാന്ത്യത്തിൽ ഒരു ലക്ഷവും കടന്ന് മുന്നേറിയ പവൻ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇടിവ് നേരിട്ട് ഇന്നലെ 99,880 രൂപയിലാണ്. വർഷത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 93,000 രൂപയിലായിരുന്ന വെള്ളി വില ഇന്നലെ 2.45 ലക്ഷം രൂപയിലെത്തി. ആഗോള രംഗത്തെ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. വ്യാവസായിക മേഖലയിലെ ആവശ്യം വെള്ളിക്കും കരുത്തായി.
നടപ്പുവർഷം വിലയിലെ വർദ്ധന
വെള്ളിയിലെ നേട്ടം(കിലോഗ്രാമിന്)
1,52,000 രൂപ
സ്വർണത്തിലെ നേട്ടം(പവന്)
42,680 രൂപ
കരുത്ത് പകർന്നത്
1. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിപണിയിൽ പ്രിയമേറുന്നു
2. വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നു
3. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറച്ചതിനാൽ നിക്ഷേപ മൂല്യമേറി
4. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് റീട്ടെയിൽ നിക്ഷേപകർ പണം ഒഴുക്കുന്നു
ഓഹരികളിൽ നാമമാത്ര നേട്ടം
നടപ്പുവർഷം ഓഹരി നിക്ഷേപകർക്ക് ആശ്വസിക്കാൻ കാര്യമായ വകയൊന്നുമില്ല. അമേരിക്ക, യൂറോപ്പ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യൻ വിപണി കനത്ത ചാഞ്ചാട്ടം നേരിട്ടു. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് പ്രതികൂലമായത്. നിഫ്‌റ്റി 50 സൂചികയിൽ 9.4 ശതമാനം വർദ്ധനയാണുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |