
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള (കീം) റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ലസ് ടു മാർക്ക് സമീകരണത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവായി. കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് കുറയുന്ന നിലവിലെ രീതിയിലെ അപാകത പരിഹരിക്കുന്നതാണ് പരിഷ്കാരം. 2026ലെ എൻട്രൻസ് പരീക്ഷ മുതൽ നടപ്പാക്കും.
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന നിലവിലെ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കും. പ്ലസ് ടു മാർക്ക് ഇൻഡക്സിനായി കണക്കാക്കുമ്പോൾ മാത്‌സിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60, എന്ന ക്രമത്തിൽ ആകെ 300 മാർക്കായിരിക്കും വെയിറ്റേജ്. കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്, ബയോളജി തുടങ്ങിയ വിഷയങ്ങളിലെ മാർക്ക് പരിഗണിക്കും.
വിവിധ പ്ലസ് ടു പരീക്ഷാ ബോർഡുകളിലെ മാർക്ക് വ്യത്യാസം മൂലം കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന മാർക്ക് നഷ്ടം ഇതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. പുതിയ രീതിക്കനുസരിച്ച് 2026ലെ കീം പ്രോസ്പെക്ടസിൽ ആവശ്യമായ ഭേദഗതികൾ വരുത്തും.
മാർക്ക് 100ലാക്കി
ഏകീകരണം
ഓരോ പരീക്ഷാ ബോർഡിലെയും ഏറ്റവും ഉയർന്ന മാർക്കിനെ അടിസ്ഥാനമാക്കിയുള്ള ഏകീകരണ രീതിയാണ് നടപ്പാക്കുന്നത്. ഉദാഹരണത്തിന്, ഒരു പരീക്ഷാ ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കിൽ അതിനെ 100 ആയി കണക്കാക്കും. ഈ ബോർഡിൽ ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് ഈ രീതിയിലൂടെ 73.68 മാർക്ക് ലഭിക്കും. ഇത് വിവിധ സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുല്യനീതി ഉറപ്പാക്കും. തമിഴ്നാട്ടിൽ ഈ രീതിയാണ് നടപ്പാക്കുന്നത്. ആ മാതൃകയാണ് സംസ്ഥാനം സ്വീകരിച്ചത്.
അതേസമയം, കീം സ്കോറിനും പ്ലസ് ടു മാർക്കിനും 50:50 (300 മാർക്ക് വീതം) എന്ന അനുപാതത്തിൽ തുല്യപ്രാധാന്യം നൽകുന്നത് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |