
റിയാദ്: വിഘടനവാദി സംഘങ്ങൾക്ക് നൽകാനായി യു.എ.ഇ നിന്ന് എത്തിച്ച ആയുധങ്ങൾ ലക്ഷ്യമിട്ട് യെമനിലെ മുക്കല്ല തുറമുഖത്ത് വ്യോമാക്രമണം നടത്തി സൗദി അറേബ്യ. യു.എ.ഇയുടെ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ്.ടി.സി) വേണ്ടിയുള്ള ആയുധശേഖരമാണ് തകർത്തതെന്ന് സൗദി അറേബ്യ അറിയിച്ചു.യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തുനിന്നാണ് ആയുധങ്ങൾ വഹിച്ച കപ്പലുകൾ മുക്കല്ലയിൽ എത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു.മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വിഘടനവാദികൾക്ക് ആയുധങ്ങൾ നൽകുന്നത് ഭീഷണിയാണെന്നും, ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടത്തിയ ‘പരിമിതമായ സൈനിക നടപടി’യിലൂടെ കപ്പലുകളിൽ നിന്ന് ഇറക്കിയ ആയുധങ്ങളും യുദ്ധവാഹനങ്ങളും തകർത്തതായും സൗദി സൈന്യം വ്യക്തമാക്കി.
യമനിലെ ഭീകരവിരുദ്ധ യൂണിറ്റുകൾ അവസാനിപ്പിച്ചതായി യു.എ.ഇ
അതേസമയം യമനിലെ ഭീകരവിരുദ്ധ യൂണിറ്റുകളുടെ ദൗത്യം സ്വമേധയാ അവസാനിപ്പിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.സമീപകാല സംഭവവികാസങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.2019 ൽ യെമനിൽ നിന്ന് പിൻവാങ്ങിയതിനുശേഷം രാജ്യത്തിന് അവശേഷിക്കുന്ന ഏക ശക്തി 'ഭീകരവിരുദ്ധ' യൂണിറ്റുകളാണെന്നും അത് കൂട്ടിച്ചേർത്തു.
അതിർത്തികൾ അടച്ചു
രാജ്യത്ത് വർധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികൾ കണക്കിലെടുത്ത് യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽഅലിമി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്.യമൻ ഔദ്യോഗിക വാർത്ത ഏജൻസിയായ സബയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം മുതൽ 72 മണിക്കൂർ നേരത്തേക്ക് യമനിലെ എല്ലാ കര, കടൽ, വ്യോമ അതിർത്തികളും തുറമുഖങ്ങളും പൂർണമായി അടച്ചുപൂട്ടി.ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ എല്ലാ സൈനിക വിഭാഗങ്ങളും അറബ് സഖ്യസേനയുമായി പൂർണമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഉത്തരവിട്ടു.യാതൊരുവിധ ഏറ്റുമുട്ടലുകളും ഉണ്ടാകാൻ പാടില്ലെന്ന് കർശന താക്കീത് നൽകിയിട്ടുണ്ട്.പ്രതിസന്ധി ഘട്ടത്തിൽ ഹളർമൗത്ത്, അൽമഹ്‌റ ഗവർണർമാർക്ക് അതത് പ്രവിശ്യകളുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ പൂർണ അധികാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |