
ഫരീദാബാദ്: ഓടുന്ന വാനിൽ കൂട്ടമാനഭംഗത്തിനിരയാക്കി യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. ഹരിയാനയിലെ ഫരീദാബാദിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി നടന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിന്ന 28കാരിയെ രണ്ട് യുവാക്കൾ വീട്ടിൽ വിടാമെന്നു പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. എന്നാൽ വാഹനം ഗുഡ്ഗാവ് റോഡിലേക്ക് തിരിച്ചുവിടുകയും മൂന്ന് മണിക്കൂറോളം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ എസ്.ജി.എം നഗറിലെ രാജാ ചൗക്കിന് സമീപത്ത് യുവതിയെ വാനിൽ നിന്ന് തള്ളിയിട്ടു.
റോഡിൽ ഇടിച്ചുവീണ യുവതിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന യുവതി പിന്നീട് സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയും ചെയ്തു. യുവതി അപകടനില തരണം ചെയ്തെങ്കിലും കടുത്ത മാനസികാഘാതത്തിലാണെന്ന ഡോക്ടർമാർ അറിയിച്ചു. വിവാഹിതയാണെങ്കിലും ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് താമസമെന്ന് അതിജീവിതയുടെ സഹോദരി പറഞ്ഞു. മൂന്ന് കുട്ടികളുമുണ്ട് ഇവർക്ക്. സംഭവദിവസം അമ്മയുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് കൂട്ടുകാരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.
പൊലീസ് നടപടി
യുവതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പൊലീസ് കേസെടുത്തു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും
കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |