SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.26 PM IST

ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തും; മന്ത്രിസഭായോഗത്തിൽ തീരുമാനം

Increase Font Size Decrease Font Size Print Page

pinarayi-vijayan-

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയുമാണ് സ്ഥിരപ്പെടുത്തുക.

ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി നിയോഗിച്ച് ഓണറേറിയം/ ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ

തസ്തിക

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ - 3 കെമിസ്ട്രി വിഭാഗത്തിൽ - 4, ഡോക്യുമെന്റ്സ് വിഭാഗത്തിൽ - 5 എന്നിങ്ങനെയാണ് തസ്തികകള്‍.

തലശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകള്‍

തലശേരി കോടതി സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവിൽ/ ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

വിരമിക്കല്‍ പ്രായം ഏകീകരിച്ചു

രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസായി ഏകീകരിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തി.

പ്രത്യേക നഷ്ടപരിഹാര പാക്കേജ്

ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.

നിയമനം

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി പി യെ നിയമിക്കും.

ശമ്പളകുടിശ്ശിക അനുവദിക്കും

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രിൽ, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 2025-26 സാമ്പത്തികവർഷത്തിൽ കാസറഗോഡ് വികസന പാക്കേജിൽ നിന്നുമാണ് അനുവദിക്കുക.

തുക അനുവദിക്കും

കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമതി നല്‍കി.

ടെണ്ടർ അംഗീകരിച്ചു

കൊല്ലം ജില്ലയിലെ GENERAL-FDR 2024 - 25 - Providing BC overlay Odanavattom valakom Road ch 0/000 to 4/100 KM എന്ന പ്രവൃത്തിക്ക് 1,65,10,221 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

TAGS: CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY