
കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ചിക്കിംഗ് ഔട്ട്‌ലെറ്റിൽ സംഘർഷം. ഇതിനിടെയുണ്ടായ മർദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജർക്കെതിരെയും ഇയാളെ മർദ്ദിച്ചതിന് മറ്റുനാലുപേർക്കെതിരെയുമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സിബിഎസ്‌ഇ കായികമേളയിൽ പങ്കെടുക്കാനെത്തിയ നാല് വിദ്യാർത്ഥികൾ ചിക്കിംഗിലെത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഓർഡർ ചെയ്ത ബർഗറിലൊന്നിൽ ചിക്കൻ സ്ട്രിപ്പ് കുറവാണെന്ന് വിദ്യാത്ഥികൾ പറഞ്ഞതോടെ മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വോയുമായി തർക്കമുണ്ടായി. ഇതിനിടെ തർക്കം കുട്ടികളിലൊരാൾ മൊബൈലിൽ പകർത്തിയത് ജോഷ്വോ ചോദ്യം ചെയ്തു. തർക്കത്തിനിടെ 'പുറത്തേയ്ക്ക് വാ' എന്നുപറഞ്ഞ് ഇയാൾ വാതിൽക്കലിന് സമീപം ചെയ്യുനിന്നു. പിന്നാലെ വിദ്യാർത്ഥികൾ മുതിർന്നവരെ വിളിച്ചുവരുത്തിയതാണ് മർദ്ദനത്തിൽ കലാശിച്ചത്.
പുറത്തുനിന്നെത്തിയവരും ജോഷ്വായുമായി തർക്കവും തെറിവിളിയുമുണ്ടായി. ഒരാൾ മാനേജരെ കസേരകൊണ്ട് അടിക്കാൻ ഓങ്ങുകയും ചെയ്തു. ഇതിനിടെ ഒരാൾ ജോഷ്വായുടെ ഫോൺ കൈക്കലാക്കി. ഇതോടെ അകത്തേയ്ക്ക് പോയ ജോഷ്വാ കത്തിയുമായെത്തി ഫോൺ തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേസമയം, പുറത്തുനിന്നെത്തിയവരിൽ ഒരാൾ ജോഷ്വായെ പിന്നിൽ നിന്ന് വട്ടം പിടിക്കുകയും മറ്റുള്ളവർ കത്തി പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നാലെയാണ് ജോഷ്വായെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |