
ആലുവ: എടത്തല പഞ്ചായത്ത് ഓഫീസിന് സമീപം വാടക വീട്ടിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായി. ചെങ്ങമനാട് പനയക്കടവ് കൊടേപ്പിള്ളി വീട്ടിൽ വാസിദ് കുഞ്ഞുമുഹമ്മദ് (27), തിരൂർ വളവന്നൂർ വരമ്പനാല മേച്ചേരി വീട്ടിൽ മാജിത ഫർസാന മുസ്തഫ (24) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്നുൾപ്പെടെ മൂന്ന് കിലോ കഞ്ചാവും അഞ്ച് മില്ലിഗ്രാം എം.ഡി.എം.എയും ഒരു എൽ.എസ്.ഡി സ്റ്റാമ്പും കണ്ടെത്തി. വിദേശമലയാളി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒരു വർഷം മുമ്പാണ് ഇവർ ദമ്പതികളെന്ന വ്യാജേന താമസമാക്കിയത്. വൈകുന്നേരങ്ങളിൽ താമസ സ്ഥലത്ത് വിദ്യാർത്ഥികളും മറ്റുമെത്തി മയക്കുമരുന്ന് വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇവർ കളമശേരിയിൽ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ഒരുമിച്ച് താമസമാരംഭിക്കുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്ന വാസിദ് നേരത്തെ പാലക്കാട് മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് ഇൻസ്‌പെക്ടർ ജോമോൻ ജോർജ് പറഞ്ഞു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. പോൾ, പ്രിവന്റീവ് ഓഫീസർ സി.പി. ജിനേഷ് കുമാർ, ജെ. അരവിന്ദ്, അഖിൽ ലാൽ, കെ.കെ. കബീർ, ലിജി ആന്റണി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |