
ഫരീദാബാദ്: ഓടുന്ന കാറിൽ 25കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. യുവതിയുടെ മുഖത്ത് 12 തുന്നലുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 8.30ന് അമ്മയുമായി വഴക്കിട്ടാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപോയത്. സുഹൃത്തിനെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. രാത്രിയായതിനാൽ വീട്ടിലേക്കുപോകാൻ വാഹനങ്ങൾ കുറവായിരുന്നു. ഈ സമയം മാരുതി ഈക്കോ വാനിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ഗുരുഗ്രാം - ഫരീദാബാദ് റോഡിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിലെ രാജ ചൗക്കിലെ മുള ഹോട്ടലിന് സമീപം യുവതിയെ തള്ളിയിട്ടശേഷം ഇവർ സ്ഥലംവിട്ടു. തുടർന്ന് യുവതിയാണ് സഹോദരിയെ വിളിച്ച് വിവരങ്ങൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |