
ന്യൂഡൽഹി: മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി വേദനസംഹാരിയായ നിമെസുലെൈഡ് 100 മില്ലിഗ്രാമിൽ കൂടുതൽ അടങ്ങിയ മരുന്നുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഈ മരുന്നുകളുടെ ഉത്പാദനവും വില്പനയും വിതരണവും ആണ് നിരോധിച്ചത്. ഇതു സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.
100 മില്ലിഗ്രാമിൽ കൂടുതൽ നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ ഉപയോഗം മനുഷ്യരിൽ അപകടകരമാകാൻ സാദ്ധ്യതയുണ്ടെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു. ഈ മരുന്നിന് പകരം സുരക്ഷിതമായ മറ്റു മരുന്നുകൾ ലഭ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിലെ സെക്ഷൻ 26 എ പ്രകാരമാണ് നടപടി.
കഴിഞ്ഞ ജനുവരിയിൽ നിമെസുലൈഡ് അടങ്ങിയ മൃഗങ്ങൾക്കുള്ള വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉത്പാദനവും വിപണനവും കേന്ദ്രം നിരോധിച്ചിരുന്നു. ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഈ മരുന്നുകൾ ഉണ്ടാക്കുന്ന അപകടം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അന്ന് നടപടിയെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |