
സ്വപ്നങ്ങൾക്ക് അതിരില്ല. അവ ആകാശത്തിനുമേലും പറക്കും...ശ്രാവൺകുമാർ വിശ്വകർമ എന്ന യുവാവ് അങ്ങനെ ഒത്തിരി സ്വപ്നംകണ്ട വ്യക്തിയാണ്. സ്വപ്നത്തിനൊപ്പം കഠിനമായ പരിശ്രമവും കൂടിയായപ്പോൾ ആകാശത്തിലൂടെ പറന്നുനടക്കാൻ അദ്ദേഹത്തിനായി. അടുത്തുതന്നെ ഇന്ത്യയിൽ സർവീസ് തുടങ്ങുന്ന സ്വകാര്യ എയർലൈൻസുകളിൽ ഒന്നായ ശംഖ് എയർ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമാണ് ശ്രാവൺകുമാർ വിശ്വകർമ. രാജ്യത്തെ അതിവേഗം വളരുടെ വ്യോമയാന മേഖലയ്ക്ക് ഒരു മുതൽക്കൂട്ടെന്ന വിശേഷണമാണ് ശ്രാവൺകുമാറിന് പലരും ചാർത്തിക്കൊടുക്കുന്നത്.
ഗോഡ് ഫാദർമാരുടെ പിൻബലമില്ലാതെ ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ശ്രാവൺകുമാറിന്റെ വരവ്. അന്നന്ന് കഴിഞ്ഞുകൂടാനുള്ളത് അന്നന്ന് അദ്ധ്വാനിച്ചുണ്ടാക്കും എന്നല്ലാതെ നയാപൈസ ബാങ്ക് ബാലൻസുണ്ടായിരുന്നില്ല. പിന്നെങ്ങനെ കോടികൾ അമ്മാനമാടുന്ന വ്യോമയാന മേഖലയിലേക്ക് എത്തിയെന്ന സംശയം ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ശരിക്കും സിനിമാക്കഥകളെ വെല്ലുന്ന അദ്ദേഹത്തിന്റെ വളർച്ച ആരെയും രോമാഞ്ചമണിയിക്കും.
ആരും അറിഞ്ഞിരുന്നില്ല, പക്ഷേ..
സ്വന്തം വീട്ടുകാർക്കും അത്യാവശ്യം ചില സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ശ്രാവൺകുമാർ എന്ന യുവാവിനെ ആദ്യകാലത്ത് തിരിച്ചറിഞ്ഞിരുന്നത്.വീട്ടിലെ സാഹചര്യം മോശമായതിനാൽ ഇടയ്ക്കുവച്ച് പഠനം മതിയാക്കി ചെറിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങി. ശരിക്കുപറഞ്ഞാൽ ചെയ്യാത്ത പണികളില്ല. ചിലരുടെ കീഴിൽ നിർമാണ സാമഗ്രികൾ എത്തിക്കുന്ന പണി, സ്റ്റീൽ വ്യാപാരം അങ്ങനെ പോകുന്നു അവ. ഇതിനിടയിൽ സമയം കിട്ടുമ്പോഴെല്ലാം കൂലിക്ക് ടെമ്പോ ഓടിക്കാനും പോകുമായിരുന്നു. ഇങ്ങനെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു ചെറുകിട സംരംഭകനാകണമെന്ന മോഹം ശ്രാവൺകുമാറിന്റെ മനസിൽ തോന്നിയത്. ഒട്ടും താമസിച്ചില്ല. കാര്യങ്ങൾ നല്ലവണ്ണം പഠിച്ച് സെറാമിക്കിന്റെയും കോൺക്രീറ്റ് ഉല്പന്നങ്ങളുടെയും മൊത്തവ്യാപാരം തുടങ്ങി. തുടക്കത്തിൽ ബിസിനസ് ചെറുതായിരുന്നെങ്കിലും അത് വളർന്നുപന്തലിക്കാൻ അധികം സമയം വേണ്ടിവന്നില്ല.
കാൽക്കാശിന് വകയില്ലെങ്കിലും ശ്രാവൺകുമാറിനെ കുഞ്ഞുന്നാൾ മുതൽ മോഹിപ്പിച്ചിരുന്നത് ആകാശവും പറന്നുനടക്കുന്ന വിമാനങ്ങളുമായിരുന്നു. മോഹം ആരോടും പറഞ്ഞില്ലെങ്കിലും എന്നെങ്കിലും ഒരിക്കൽ താനും പറന്നുനടക്കുമെന്ന് കുഞ്ഞുശ്രാവൺ അന്നേ മനസിൽ കുറിച്ചിട്ടു. മൊത്തവ്യാപാരം നല്ലനിലയിൽ മുന്നോട്ടുപോയിത്തുടങ്ങിയതോടെ, മനസിൽ കൊണ്ടുനടന്ന ആ പഴയ ആഗ്രഹത്തെ പൊടിതട്ടിയെടുത്തു. പിന്നെ പതുക്കെ, അതിലേറെ കരുതലോടെ അതിലേക്ക് ചുവടുവച്ചു.
2023ലാണ് ശംഖ് എയറിന്റെ മാതൃകമ്പനിയായ ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിച്ചത്. തട്ടലും മുട്ടലും ഇല്ലാതെ മുന്നോട്ടുപോകാനുള്ള സാമ്പത്തിക സ്ഥിതര ഉറപ്പിച്ചതോടെ എയർലൈൻ രംഗത്തേക്ക് കടന്നു. ഇൻഡിഗോ വിമാക്കമ്പനിക്കുണ്ടായ പ്രതിസന്ധിയെത്തുടർന്ന് മേഖലയിൽ പുതിയ കമ്പനികളെ വളർത്തിക്കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും ശ്രാവണിന് അനുകൂലമായി. ശംഖ് എയർലൈൻസിന് നോ ഒബ്‌ജഷൻ സർട്ടിഫിക്ക് ലഭിച്ചുകഴിഞ്ഞു. അധികം വൈകാതെതന്നെ പ്രവർത്തനം തുടങ്ങും.
സാധാരണക്കാരെ കൈവിടാതെ
വളർന്ന് വലുതായെങ്കിലും സാധാരണക്കാരെ കൈവിടാൻ ശ്രാവൺകുമാർ ഒരുക്കമല്ല. മിതമായ നിരക്കിൽ ഏവർക്കും യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മദ്ധ്യവർഗക്കാരെയാണ് കൂടുതൽ ആകർഷിക്കാൻ ശ്രമിക്കുന്നത്.പണക്കാർക്കുമാത്രമുള്ളതാണ് വിമാനയാത്ര എന്ന സങ്കല്പത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ശ്രാവൺ പറയുന്നു. അതിനാൽ ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്ന പതിവുരീതി ശംഖിൽ ഉണ്ടാവില്ല. പഴയ ചില എയർലൈനുകളെയും ചില സ്റ്റാർട്ടപ്പുകളെയും ഏറ്റെടുക്കാനും ലക്ഷ്യമിടുന്നുണ്ട്. നോയിഡ, ലക്നൗ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാവും പ്രവർത്തനം തുടങ്ങുക. ഡൽഹി. മുംബയ് തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്കാവും കൂടുതൽ സർവീസുകൾ. തുടക്കത്തിൽ എയർബസ് വിമാനങ്ങളായിരിക്കും ഉപയോഗിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |