
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ് 14കാരനായ വൈഭവ് സൂര്യവൻശി. വിജയ് ഹസാരെ ട്രോഫിയിലും അണ്ടർ19 ഏഷ്യ കപ്പിലും മിന്നും പ്രകടനം കാഴ്ചവച്ച വൈഭവ് ഇതിനോടകം തന്നെ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഐപിഎൽ ലേലത്തിലും അണ്ടർ19 ടീമിലും ഇടംപിടിച്ച വൈഭവിനെ ഇന്ത്യയുടെ അടുത്ത 'സൂപ്പർ സ്റ്റാർ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
എന്നാൽ, അമ്പരപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം തുടരുമ്പോഴും വൈഭവിന് ഇന്ത്യൻ സീനിയർ ടീമിനായി നിലവിൽ കളിക്കാനാവില്ല. ഐസിസിയുടെ നിയമമാണ് അതിന് പിന്നിൽ പ്രധാനമായും തടസമായി നിൽക്കുന്നത്. 2020ലെ ക്രിക്കറ്റ് കൗൺസിൽ നിയമമനുസരിച്ച്, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ ഒരു താരത്തിന് കുറഞ്ഞത് 15വയസെങ്കിലും തികഞ്ഞിരിക്കണം. നിലവിൽ 14വയസുള്ള വൈഭവിന് ഈ നിയമം വലിയൊരു തടസമാണ്. എന്നാൽ കാത്തിരിപ്പ് അധികകാലം നീണ്ടുനിൽക്കില്ല.
2026 മാർച്ച് 27ന് വൈഭവ് തന്റെ 15ാം ജന്മദിനം ആഘോഷിക്കും. അതോടെ ഇന്ത്യൻ ദേശീയ ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെടാനുള്ള സാങ്കേതിക തടസങ്ങൾ നീങ്ങും. നിലവിലെ ഫോം തുടരുകയാണെങ്കിൽ 15വയസ് തികയുന്നതോടെ വൈഭവ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ ക്രിക്കറ്റ് ആരാധകർക്കും അധികം കാത്തിരിക്കേണ്ടി വരില്ല.
അടുത്തിടെ, 2025 ലെ കുട്ടികളുടെ ദേശീയ അവാർഡിന് വൈഭവ് അർഹനായിരുന്നു. അഞ്ച് മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ അവാർഡായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരമാണ് വൈഭവിന് ലഭിച്ചത്. സ്‌പോർട്സ്, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്കാണ് ഇത് നൽകുന്നത്. മുതിർന്നവർക്ക് നൽകുന്ന ഖേൽരത്ന പുരസ്‌കാരത്തിന് തുല്യമായാണ് ബാലപുരസ്‌കാരത്തെ കായിക മേഖലയിൽ കണക്കാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |