
തിരുവനന്തപുരം : തെരുവുനായ ആക്രമണങ്ങളിൽ ഇരകളാകുന്നവർക്കുള്ള നഷ്ടപരിഹാരം ഇനി അതത് ജില്ലകളിൽ കിട്ടും. ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി അദ്ധ്യക്ഷനായ ജില്ലാതല കമ്മിറ്റികൾ പ്രവർത്തന സജ്ജമായി. ഇതിനായി കൊച്ചി കേന്ദ്രമാക്കി നേരത്തെ പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിച്ചു.
ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ചെയർമാനായ സ്‌ട്രേ ഡോഗ് വിക്‌ടിം കോമ്പൻസേഷൻ റെക്കമെൻഡേഷൻ കമ്മിറ്റിയിൽ (എസ്.ഡി.വി.സി.ആർ.സി) ജില്ല മെഡിക്കൽ ഓഫീസർ,ജില്ല മൃഗസംരക്ഷണ ഓഫീസർ,തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. പരാതികൾ ജില്ല ലീഗൽ സർവീസ് അതോറിട്ടിയിലേക്ക് തപാലിലും നേരിട്ടും നൽകാം. 2024 മേയ് 9ന് സുപ്രീം കോടതി തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അതത് ഹൈക്കോടതികളുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. മൃഗങ്ങൾ,ഉരഗങ്ങൾ,മറ്റ് ജീവികൾ എന്നിവയുടെ ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കേരള ലീഗൽ സർവീസസ് അതോറിട്ടിയുമായി കൂടിയാലോചിച്ച് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി 2024ഡിസംബർ 18ന് നിർദ്ദേശം നൽകി. തുടർന്നാണ് ജില്ലാതല സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചത്.
11000 പരാതികൾ കൈമാറി
സിരിജഗൻ കമ്മിറ്റിയിലേക്ക് ലഭിച്ചതിൽ തീർപ്പാക്കാനുള്ള 11000 പരാതികൾ ജില്ലതിരിച്ച് അതത് ലീഗൽ സർവീസ് അതോറിട്ടികൾക്ക് നൽകി. 2016ൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സിരിജഗൻ കമ്മിറ്റി നാലായിരത്തോളം പേർക്ക് സഹായം അനുവദിച്ചു.
500കടന്ന് തിരുവനന്തപുരം
തെരുവുനായ ആക്രമണം കൂടുതലുള്ള തലസ്ഥാന ജില്ലയിൽ രണ്ടുമാസത്തിനിടെ 530 പരാതികൾ ലഭിച്ചു. പരിക്കിന്റെ ഗുരുതരാവസ്ഥ, പരിക്കേറ്റയാളുടെ പ്രായം, അംഗവൈകല്യം, തൊഴിൽ നഷ്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. സിരിജഗൻ കമ്മിറ്റി പരമാവധി 33ലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |