
തിരുവനന്തപുരം: മാറിയ ജീവിത സാഹചര്യത്തിൽ പലരൂപത്തിൽ രോഗങ്ങളെത്തുമ്പോൾ ആരോഗ്യ സംരക്ഷണം പരമപ്രധാനമാണ്. പുതുവർഷത്തിൽ ദിവസേന വ്യായാമത്തിനായി അല്പനേരം മാറ്റിവയ്ക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ.അൽത്താഫ് പറയുന്നു. 20വയസ് കഴിഞ്ഞ 24 ശതമാനം പേർക്ക് പ്രമേഹവും 44ശതമാനം പേർക്ക് ബി.പിയുമുണ്ടെന്ന് ഐ.സി.എം.ആർ പഠനം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വ്യായാമത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.
വേണം ചിട്ടയായ ക്രമം
ദിവസേന 30-40 മിനിട്ട് വ്യായാമത്തിനായി മാറ്റിവയ്ക്കണം
നടത്തം, സൈക്കിളിംഗ്, നീന്തൽ, ജിം തുടങ്ങി സുരക്ഷിതമായ എന്തും ചെയ്യാം
ആദ്യദിവസം തന്നെ ഒരുപാട് ഭാരമെടുക്കരുത്
പൊതുസ്ഥലങ്ങളിൽ ലിഫ്റ്റ് ഉപേക്ഷിച്ച്, പരമാവധി പടിക്കെട്ടുകൾ ഉപയോഗിക്കണം
പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കണം
എല്ലാഭക്ഷണവും കഴിക്കാം. പക്ഷേ അമിതമാകാതെ ശ്രദ്ധിക്കണം
ഇലക്കറികളും പഴവർഗങ്ങളും പരമാവധി ഭക്ഷണത്തിലുൾപ്പെടുത്തണം
പുതുവർഷത്തിൽ വ്യായാമം തുടങ്ങാൻ പലരും മുൻകൂട്ടി നിശ്ചയിക്കുമെങ്കിലും കുറച്ച് ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. ഇത്തരത്തിൽ അവസാനിപ്പിക്കുന്നവർ വീണ്ടും തുടങ്ങാൻ മടിക്കരുത്. മദ്യപാനം, പുകവലി തുടങ്ങിയവ ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്തവർ പരമാവധി കുറയ്ക്കണം. പാത്രത്തിൽ ചോറ് കൂനപോലെ വിളമ്പി കഴിക്കുന്നത് ഉൾപ്പെടെയുള്ളവ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണെന്ന് തിരിച്ചറിയണം. നല്ല നാളേയ്ക്ക് ആരോഗ്യത്തെ കരുതി നീങ്ങാം
- ഡോ. എ.അൽത്താഫ്,
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ.,
തിരുവനന്തപുരം മെഡിക്കൽ കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |