കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത് ഗൗരവതരമായ സുരക്ഷാവീഴ്ചയുടെ ആവർത്തനം. മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) ആണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയം പ്രതി അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. കൊലപാതകം ഉൾപ്പെടെയുള്ള കൊടുംകുറ്റം ചെയ്ത പ്രതികളെ കുതിരവട്ടത്ത് താമസിപ്പിക്കുന്നതിലെ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് പുതിയ സംഭവം.
വിനീഷിന്റെ ആശുപത്രി
ചാട്ടം രണ്ടാം തവണ
വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് 2021 ജൂണിൽ എൽ.എൽ.ബി വിദ്യാർത്ഥി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ജയിലിൽ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ 2022ൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാക്കിയത്. അവിടെ നിന്നാണ് ആദ്യ ചാട്ടം. അതും നാല് ദിവസം മാത്രമായപ്പോൾ. വേറൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയപ്പോൾ ഫയർഫോഴ്സ് ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടയിലായിരുന്നു രക്ഷപ്പെടൽ. അന്ന് കോഴിക്കോട്ട് നിന്ന് ട്രെയിൻ മാർഗമാണ് വിനീഷ് കർണാടകയിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കേരള പൊലീസ് കർണാടക പൊലീസിനെ വിവരമറിയിച്ചിരുന്നു. മംഗലാപുരത്ത് ട്രെയിൻ ഇറങ്ങിയ പ്രതി ഇവിടെ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറിൽ ധർമസ്ഥലയിലെത്തുകയായിരുന്നു. സ്‌കൂട്ടറിലെ പെട്രോൾ തീർന്നപ്പോൾ മറ്റൊരു സ്‌കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടികൂടി പൊലീസിന് കൈമാറി.
ക്രിമിനലുകൾക്ക് കുതിരവട്ടം മതിയോ?
കൃത്യമായി ആസൂത്രണം ചെയ്താണ് വിനീഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. സംഭവം നടന്നതിന്റെ തലേന്ന് ദൃശ്യയുടെ പിതാവിന്റെ കളിപ്പാട്ട കടയ്ക്ക് വിനീഷ് തീവെച്ചിരുന്നു. ഇത് ശ്രദ്ധമാറ്റാൻ ലക്ഷ്യമിട്ടായിരുന്നു. രണ്ട് തവണ ആശുപത്രിയിൽ നിന്ന് ചാടിയതും വിനീഷിന്റെ ക്രിമിനൽ ബുദ്ധിയാണ്. ഇത്തരക്കാരെ പാർപ്പിക്കാൻ തക്ക സുരക്ഷയുള്ള സ്ഥലമല്ല കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം. പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റുംപൊലീസ് ഊർജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാൾ ജില്ല വിട്ടുപോയിരിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |