
പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതി അവലോകനത്തിനായി എം.എൽ.എ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർമ്മാണ പ്രദേശം സന്ദർശിച്ചു. കലുങ്കിന്റെ ഡിസൈൻ പുതുക്കുന്നതിനുള്ള അനുമതി ഉടൻ ലഭ്യമാക്കും. 25 മീറ്റർ വീതിയിലും മൂന്ന് മീറ്റർ നീളത്തിലുമായി അഞ്ച് കലുങ്കുകളാണ് നിർമ്മിക്കുന്നത്.
കലുങ്ക് നിർമ്മാണത്തിനായി സമീപത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്തിയതായി ആർ.ബി.ഡി.സി.കെ വ്യക്തമാക്കി. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി ലഭിച്ചു. കിഫ്ബിയുടെ അന്തിമാനുമതി ഉടൻ ലഭിക്കും. നിർമ്മാണത്തിനാവശ്യമായ കരിങ്കല്ല് ലഭ്യമാക്കാൻ ജില്ലാ കളക്ടറുമായി സംസാരിച്ച് എൻ.ഒ.സി ഉറപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു. 1.37 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയായാണ് റോഡ് നിർമ്മിക്കുന്നത്. വശങ്ങളിൽ നടപ്പാതകളും തെരുവുവിളക്കുകളും സജ്ജീകരിക്കും. ആദ്യഘട്ടത്തിന് 24 കോടി രൂപയാണ് അനുവദിച്ചത്.
യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പ്രോജക്ട് കോ-ഓർഡിനേറ്റർ ഒ.വി. അനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജിത്ത്, നസിം, റൈറ്റ്സ് അസിസ്റ്റന്റ് മാനേജർ അമൽ, അംബരീഷ്, എസ്. അരുൺ കുമാർ, കിഫ്ബി പ്രതിനിധി അഖില, കോൺട്രാക്ടർ രാജേഷ് മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |