
കേരള ബ്ളാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ ലോൺ അടിസ്ഥാനത്തിൽ വിദേശക്ളബിലേക്ക് പോയി
തിരുവനന്തപുരം : ഈ സീസണിലെ ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റ് എപ്പോൾ തുടങ്ങുമെന്ന് ഇനിയും തീരുമാനമാകാതിരിക്കവേ കേരള ബ്ളാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ ഈ സീസണിൽ വിദേശക്ളബിനായി കളിക്കും. ഇന്നലെ കേരള ബ്ളാസ്റ്റേഴ്സ് തന്നെയാണ് ലൂണയെ ലോൺ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിദേശക്ളബിന് കൈമാറിയതായി അറിയിച്ചത്. എന്നാൽ ഏത് ക്ളബിനാണ് കൈമാറിയതെന്ന് ബ്ളാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. കൈമാറ്റത്തിന്റെ സാമ്പത്തിക കണക്കുകളും അറിയിച്ചിട്ടില്ല.ഇന്തൊനേഷ്യയിലുള്ള ക്ലബ്ബിൽ ചേരുമെന്നാണ് സൂചന. ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 മേയ് 31 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ട്.
സാധാരണ ഗതിയിൽ ഒക്ടോബർ ആദ്യം തുടങ്ങേണ്ട ഐ.എസ്.എൽ ഇക്കുറി ഇതുവരെ തുടങ്ങാത്തത് ക്ളബുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. കളിച്ചാലും ഇല്ലെങ്കിലും വിദേശതാരങ്ങളെ പ്രതിഫലം നൽകി നിലനിറുത്തേണ്ട അവസ്ഥയിലാണ് ക്ളബുകൾ. ഒരു സീസണിൽ കളിക്കാൻ കഴിയാത്തത് താരങ്ങൾക്കും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് നായകനെത്തന്നെ ലോണായി നൽകാൻ ബ്ളാസ്റ്റേഴ്സ് തയ്യാറായത്. മറ്റ് പലക്ളബുകളും തങ്ങളുടെ പ്രധാന താരങ്ങളെ ലോൺ അടിസ്ഥാനത്തിലോ അല്ലാതെയോ കൈയ്യൊഴിയാനുള്ള ശ്രമത്തിലാണ്.
അഞ്ചുസീസണുകളിലായി കേരള ബ്ളാസ്റ്റേഴ്സിന്റെ നെടുംതൂണാണ് ലൂണ. 87 മത്സരങ്ങളിൽ ക്ളബിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ക്ളബിനായി ഏറ്റവുംകൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം. 15 ഗോളുകളുമായി ക്ളബിന്റെ എക്കാലത്തേയും ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്ത്. 27 അസിസ്റ്റുകൾ. ക്ളബിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നടത്തിയ താരം. കഴിഞ്ഞ സീസണിൽ ഒരു ഗോൾ പോലും ലൂണ നേടിയിരുന്നില്ല. 22 കളികളിൽ ഇറങ്ങിയ ലൂണ പക്ഷേ ആറ് അസിസ്റ്റുകൾ സമ്മാനിച്ചു.
സെർബിയൻ സൂപ്പർ കോച്ച് ഇവാൻ വുക്കോമനോവിച്ചിനൊപ്പം 2021 – 22 ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ ലൂണ ആറു ഗോളടിച്ചു തിളങ്ങി. ടീമിനെ ഫൈനലിലുമെത്തിച്ചു. അടുത്ത രണ്ടു വർഷം കൂടി മിന്നും പ്രകടനവും പ്ലേ ഓഫ് ബെർത്തും. കഴിഞ്ഞ സീസണിൽ വുക്കോമനോവിച്ചിനു പകരമെത്തിയ മികേൽ സ്റ്റാറെയുടെ ഗെയിം പ്ലാനിൽ ലൂണയ്ക്കു മതിയായ റോൾ ലഭിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |