
ശിവഗിരി: ഗുരുദേവനും യേശുദേവനും നബി തിരുമേനിയും പറഞ്ഞത് ഒന്നാണെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ചൂണ്ടിക്കാട്ടി. തീർത്ഥാടന ലക്ഷ്യങ്ങളിലൊന്നായ 'സംഘടന"യെ മുൻനിറുത്തിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ ക്രിസ്തുദേവൻ പറഞ്ഞതിന്റെയും അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണമെന്ന് ഗുരുദേവൻ പറഞ്ഞതിന്റെയും അർത്ഥമൊന്നാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ അയൽവാസിക്ക് പ്രയോജനം ചെയ്യട്ടെയെന്ന് നബി തിരുമേനി പറഞ്ഞതിന്റെ അർത്ഥവും സമാനമാണ്. ലോകജനതയെ മുഴുവൻ ഗുരുദേവൻ ഒന്നായി കണ്ടു. ഗുരുവിന്റെ കാഴ്ചപ്പാടിൽ എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ്. ശ്രീനാരായണ ഗുരുദേവൻ മർത്ത്യമാനസങ്ങളിൽ നിന്നും ചാതുർവർണ്യത്തിന്റെ കാട് വെട്ടിയകറ്റി. മനുഷ്യ മനസുകളിൽ സ്നേഹവും അഹിംസയും പ്രേമവും നിറച്ച് ആർദ്രമാക്കി. ധർമ്മച്യുതികളുടെ ഈ കാലത്ത് ശ്രീനാരായണ ധർമ്മം പരിപാലിച്ച് നമുക്ക് മുന്നോട്ടു പോകാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭ വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ചെയർമാൻ ബാബു പണിക്കർ എന്നിവർ സംസാരിച്ചു. സ്വാമി വിശാലാനന്ദ ഗുരുസ്മരണ ചൊല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |