
തൃശൂർ : തുല്യ അംഗബലമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്‌ളോക്കിൽ ലീഗ് സ്വതന്ത്രനെ അടർത്തിമാറ്റി ഭരണം പിടിച്ചെങ്കിലും അതിനു പിന്നിൽ കോഴയിടപാട് ഉണ്ടെന്ന ആരോപണവും ബന്ധപ്പെട്ട ശബ്ദരേഖയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് വരവൂർ ഡിവിഷനിൽ നിന്ന് ജയിച്ച ലീഗ് സ്വതന്ത്രൻ ജാഫർ എൽ.ഡി.എഫിന് അനുകൂലമായി വോട്ടിട്ടത്. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുസ്തഫയോട് വോട്ടെടുപ്പിന്റെ തലേ ദിവസംജാഫർ ഫോണിലൂടെ പറഞ്ഞ കാര്യങ്ങളാണ് പുറത്തു വന്നത്. പ്രസിഡന്റ് സ്ഥാനമോ അമ്പത് ലക്ഷമോ ഓഫറുണ്ടെന്ന് ജാഫർ പറയുന്നു. പണം ലഭിച്ചാൽ ജീവിതം സേഫായി. ലീഗ് പുറത്താക്കിയതോടെ കഴിഞ്ഞ
ദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജി വച്ചു.തിരഞ്ഞെടുപ്പിന് പിന്നാലെ ജാഫറിന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സി.പി.എം നേതാവിന്റെ ഫോൺ സന്ദേശവും പുറത്തുവന്നു. വോട്ടെടുപ്പ് കഴിഞ്ഞശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പറയണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു, ജാഫറുമായി സംസാരിക്കുന്നതാണ് പുറത്തായത്. കോഴയാരോപണത്തിൽ കുടുങ്ങിയ ലീഗ് സ്വതന്ത്രൻ രാജിവച്ചതോടെ 7-6 അംഗബലത്തിൽ എൽ.ഡി.എഫ് ഭരണം തൽക്കാലത്തേക്ക് ഉറയ്ക്കുകയും ചെയ്തു.
50 ലക്ഷം വെറുതേ
പറഞ്ഞത്: ജാഫർ
അമ്പത് ലക്ഷം വാഗ്ദാനം ചെയ്‌തെന്ന ശബ്ദ ശകലം സൗഹൃദ സംഭാഷണത്തിലെ ഭാഗമാണെന്നും, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഇ.യു. ജാഫർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ചെയ്തപ്പോൾ അബദ്ധം പറ്റിയതാണ്. മാനസിക സമ്മർദ്ദം മൂലമാണ് തെറ്റി വോട്ട് ചെയ്തത്. എന്തന്വേഷണവും നേരിടാൻ തയ്യാറാണ്. തലേ ദിവസം സംസാരിച്ചത് അതേപടി നടപ്പിലാക്കിയത് എങ്ങനെ തമാശയാകുമെന്ന ചോദ്യത്തിന്, വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി.
വെങ്കിടങ്ങിലെ പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോഴാണ് മാദ്ധ്യമങ്ങളുമായി സംസാരിച്ചത്. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ പാവറട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രതിഷേധക്കാർ പിരിഞ്ഞുപോയതോടെ മടങ്ങി.
വിജിലൻസ് അന്വേഷണത്തിന്
തൃശൂർ : വോട്ടിന് കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. കേസെടുക്കാനുള്ള കാര്യങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ചാണ് പരിശോധിക്കുക. കോൺഗ്രസ് നേതാവും അടാട്ട് പഞ്ചായത്ത് പ്രസിഡന്റുമായ അനിൽ അക്കര നൽകിയ പരാതിയിലാണിത്.
ജനാധിപത്യവിരുദ്ധം: സണ്ണിജോസഫ്
പരാജയം അംഗീകരിക്കാതെ കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സി.പി.എം നടപടികൾ പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സി.പി.എം വിലയ്ക്കെടുത്തത് എങ്ങനെയെന്നത് തെളിവുകൾ സഹിതം പുറത്തുവന്നിട്ടുണ്ട്. ഇതിൽ പങ്കാളികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
വടക്കാഞ്ചേരി കോഴ ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. 50 ലക്ഷം കൊടുത്ത് ഏതെങ്കിലുമൊരു പഞ്ചായത്തിലോ ബ്ളോക്കിലോ മുനിസിപ്പാലിറ്റിയിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് പ്രസിഡന്റാക്കി ഭരണം കെെക്കലാക്കേണ്ട ഒരു ത്വരയും സി.പി.എമ്മിനില്ല. ഇനി അങ്ങനെയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. - എം.വി. ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |