
തിരുവനന്തപുരം: ചെറുവള്ളങ്ങൾക്കും മോട്ടോർ ഘടിപ്പിക്കാത്ത യാനങ്ങൾക്കും ലൈസൻസ് നൽകുന്നതിനുള്ള ജലസേചന വകുപ്പിന്റെ കീഴിലുള്ള ഇൻലാൻഡ് നാവിഗേഷൻ കനാൽ ഓഫീസുകൾ നിറുത്താൻ നീക്കം. ഫിറ്റ്നസ് പരിശോധിക്കുന്നതിന് യോഗ്യതയുള്ള ജീവനക്കാർ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതുസംബന്ധിച്ച് വകുപ്പിലെ ചീഫ് എൻജിനിയർമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. സംസ്ഥാന മാരിടൈം ബോർഡിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടു.
എട്ട് കനാൽ ഓഫീസുകളാണുള്ളത്. നികുതിയിലൂടെയടക്കം അരക്കോടിയിലധികം വരുമാനവുമുണ്ട്. തിരുവിതാംകൂർ- കൊച്ചിൻ കനാൽ റൂൾസ്, തിരുവിതാംകൂർ- കൊച്ചിൻ ഫെറി റൂൾസ് പ്രകാരം നിലവിൽ വന്നവയാണിവ. ഇവിടെ നിന്നാണ് ചെറുകിട വള്ളങ്ങൾ, മോട്ടോർ ഘടിപ്പിക്കാത്ത യാനങ്ങൾ, കയാക്കുകൾ, കുട്ടവഞ്ചി, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്, ഫ്ലോട്ടിംഗ് കോട്ടേജ് എന്നിവയ്ക്ക് ലൈസൻസ് നൽകുന്നത്. അതിനുമുമ്പ് ഫിറ്റ്നസ് പരിശോധനയും നടത്തണം.
കനാൽ ഓഫീസർ, ക്ലാർക്ക്, രണ്ട് ലാസ്കർ എന്നിവരടക്കമാണ് ഓരോ കനാൽ ഓഫീസിലുമുള്ളത്. ക്ലാർക്ക് തലത്തിൽ 8 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്കാണ് കനാൽ ഓഫീസറാകുന്നതിനുള്ള വകുപ്പുതല (കനാൽ റൂൾസ് ടെസ്റ്റ്) പരീക്ഷയെഴുതാനാവുക. അതേസമയം, യോഗ്യതയുള്ളവർ കുറവാണെന്ന സമിതിയുടെ വിശദീകരണം തെറ്റാണെന്ന് ജീവനക്കാർ പറയുന്നു. പി.എസ്.സി നടത്തിയ കനാൽ റൂൾസ് ടെസ്റ്റിൽ 9പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷൻ
നിർദ്ദേശം പാലിച്ചില്ല
തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മിഷൻ, കനാൽ ഓഫീസുകളുടെ അപര്യാപ്തതയാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കനാൽ ഓഫീസുകളുടെയും ഓഫീസർമാരുടെയും എണ്ണം കൂട്ടണമെന്നും നിർദ്ദേശിച്ചിരുന്നു. അതേസമയം, കനാൽ ഓഫീസുകൾ നിറുത്തിയാൽ നദികളും കായലുകളും തോടുകളും അടക്കമുള്ളവയുടെ ഉടമസ്ഥാവകാശം വകുപ്പിന് നഷ്ടമാകുമെന്നും ആരോപണമുണ്ട്.
8,000
ലൈസൻസുള്ള മോട്ടോർ
രഹിത യാനങ്ങൾ
4,877
ഡിസംബർ 31 വരെ
ലൈസൻസ് പുതുക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |