
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞുവീശിയ ചുവപ്പു തരംഗം ആവർത്തിക്കാൻ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും പരിഗണിക്കാനുള്ള ആലോചനയിൽ എൽ.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പിൻബലത്തിൽ മികച്ച വിജയ പ്രതീക്ഷയിൽ യു.ഡി.എഫ്. നഗരസഭ ഭരണം പിടിച്ചെടുത്ത കരുത്തിൽ വീണ്ടും അക്കൗണ്ട് തുറക്കാനൊരുങ്ങി എൻ.ഡി.എ.
2021ൽ ജില്ലയിൽ ഇടതുമുന്നണി 14ൽ 13 സീറ്റാണ് നേടിയത്. ഭരണത്തിൽ മൂന്നാം ഊഴം ഉറപ്പാക്കാൻ രണ്ടു ടേം നിബന്ധനയിൽ അയവ് വരുത്തി ജയസാദ്ധ്യതയുള്ള സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചന. ജില്ലാ സെക്രട്ടറി വി. ജോയി (വർക്കല),വി. ശിവൻകുട്ടി (നേമം),കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),ഐ.ബി. സതീഷ് (കാട്ടാക്കട) ഉൾപ്പെടെയുള്ളവർ നിലവിലെ സീറ്റുകളിൽ തന്നെ മത്സരിക്കാനാണ് സാദ്ധ്യത. ചിറയിൻകീഴ് വി.ശശിക്കു പകരം പുതുമുഖത്തെ സി.പി.ഐ പരിഗണിച്ചേക്കും. വി.കെ.പ്രശാന്തിനെ വട്ടിയൂർക്കാവിൽ നിന്ന് മാറ്റി കഴക്കൂട്ടത്ത് നിറുത്താനും ആലോചിക്കുന്നു.
കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ യു.ഡി.എഫ്,ഇത്തവണ കൂടുതൽ സീറ്റുകൾ നേടാമെന്ന പ്രതീക്ഷയിലാണ്. സിറ്റിംഗ് എം.എൽ.എ എം. വിൻസന്റ് കോവളത്ത് വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചേക്കും. 2021ൽ തിരുവനന്തപുരത്ത് പരാജയപ്പെട്ട വി.എസ്. ശിവകുമാർ മണ്ഡലം മാറി മത്സരിക്കാനിട. കോർപറേഷനിൽ ജയിച്ച കെ.എസ്. ശബരിനാഥനെ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
2016ൽ അക്കൗണ്ട് തുറന്ന നേമത്ത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലുടെ വീണ്ടും വിജയം നേടാനാകുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. 2021ൽ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് വി. ശിവൻകുട്ടി നേമം തിരിച്ചു പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേമത്തെ 15 വാർഡുകളിൽ ബി.ജെ.പി മുൻതൂക്കം നേടിയിരുന്നു. ഭൂരിഭാഗം വാർഡുകളിലും മുന്നിലെത്തിയ വട്ടിയൂർക്കാവ്,കഴക്കൂട്ടം മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുണ്ട്. വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പി ശ്രീലേഖ,കഴക്കൂട്ടത്ത് വി. മുരളീധരൻ,കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും മത്സരിച്ചേക്കും.
2021ലെ നിയമസഭാ
തിരഞ്ഞെടുപ്പ് ഫലം
അരുവിക്കര: ജി. സ്റ്റീഫൻ (എൽ.ഡി.എഫ്) ഭൂരിപക്ഷം- 5046
കോവളം: എം. വിൻസന്റ് (യു.ഡി.എഫ്)- ഭൂരിപക്ഷം- 11562
തിരുവനന്തപുരം: ആന്റണി രാജു (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 7089
നേമം: വി. ശിവൻകുട്ടി (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 3949
വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത് (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 21515
വർക്കല: വി. ജോയി (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 17821
ആറ്റിങ്ങൽ: ഒ.എസ്. അംബിക (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 31636
ചിറയിൻകീഴ്: വി.ശശി (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 14017
കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 23497
നെടുമങ്ങാട്: ജി.ആർ. അനിൽ (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 23309
വാമനപുരം: ഡി.കെ. മുരളി (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 10242
കാട്ടാക്കട: ഐ.ബി. സതീഷ് (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 23231
നെയ്യാറ്റിൻകര: കെ. ആൻസലൻ (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 14262
പാറശാല: സി.കെ. ഹരീന്ദ്രൻ (എൽ.ഡി.എഫ്)- ഭൂരിപക്ഷം- 25828
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |