
ടെഹ്‌റാൻ: ജനകീയ പ്രക്ഷോഭം ഇറാനിൽ ആളിക്കത്തുന്നതിനിടെ, ഭരണകൂടത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊന്നാൽ, യു.എസ് അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രംപ് പറഞ്ഞു. അടിയന്തര ഇടപടെലിന് യു.എസ് സൈന്യം സജ്ജമാണെന്ന സൂചനയും സോഷ്യൽ മീഡിയയിലൂടെ നൽകി.
പിന്നാലെ ഇറാൻ നേതാക്കൾ രംഗത്തെത്തി. ഇസ്രയേലും യു.എസും എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് മുൻ ഇറാൻ പാർലമെന്റ് സ്പീക്കറും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയുമായ അലി ലാരിജാനി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെട്ടാൽ മേഖലയെ മുഴുവൻ ബാധിക്കുമെന്നും ട്രംപ് സ്വന്തം സൈനികരുടെ കാര്യം നോക്കിയാൽ മതിയെന്നും ലാരിജാനി മുന്നറിയിപ്പ് നൽകി.
ഡിസംബർ 28ന് ആരംഭിച്ച പ്രക്ഷോഭം നിലവിൽ ഭരണകൂടത്തിന് എതിരായി മാറിയിരിക്കുകയാണ്. ഇതുവരെ 7 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. വിലക്കയറ്റത്തിന്റെയും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ തലസ്ഥാനമായ ടെഹ്റാനിലെ വ്യാപാരികൾ തുടങ്ങിയ പ്രതിഷേധങ്ങൾ വിദ്യാർത്ഥികൾ അടക്കം ഏറ്റെടുക്കുകയായിരുന്നു.
# ഏറ്റുമുട്ടൽ രൂക്ഷം
അസ്ന നഗരത്തിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. പൊലീസ് സ്റ്റേഷൻ കത്തിച്ചു
ലോർഡെഗനിൽ സർക്കാർ കെട്ടിടങ്ങൾക്കും ബാങ്കുകൾക്കും നേരെ ആക്രമണം
പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകവും വെടിവയ്പുകളും നടത്തുന്നു
31 പ്രവിശ്യകളിൽ 21 എണ്ണത്തിലും പ്രതിഷേധങ്ങൾ സജീവം. നിരവധി പേർ അറസ്റ്റിലായി
പ്രക്ഷോഭകരെ തണുപ്പിക്കാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ശ്രമം. ജനങ്ങൾ തൃപ്തരല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും പെസഷ്‌കിയാൻ പറഞ്ഞു
പ്രക്ഷോഭകരുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി. പ്രകോപനത്തിന് ശ്രമിച്ചാൽ കഠിനമായി പ്രതികരിക്കുമെന്ന് പെസഷ്‌കിയാൻ ട്രംപിന് മുന്നറിയിപ്പ് നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |