
വാഷിംഗ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്കയുടെ ശക്തമായ ബോബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴുസ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്നാണ് ആക്രമണം എന്നാണ് റിപ്പോർട്ട്.എന്നാൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറ സംസ്ഥാനങ്ങളിലാണ് ആക്രമണം നടന്നത്. സൈനിക, സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.
ഇന്നുപുലർച്ചെയോടെയായിരുന്നു ആക്രമണം. സ്ഫോടനങ്ങൾ നടന്നതോടെ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടി. സ്ഫോടനങ്ങളുടെയും ആളുകൾ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. യുദ്ധവിമാനങ്ങളുടെ കാതടപ്പിക്കുന്ന ഇരമ്പലുകൾ കേട്ടതായി ജനങ്ങൾ പറയുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെലിവിഷൻ ചാനലുകൾ സംഗീതം ഉൾപ്പടെയുള്ള വിനോദ പരിപാടികൾ നിറുത്തിവച്ചിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിൽ ഏറെനാളായുളള പ്രശ്നങ്ങളാണ് ഇപ്പോഴത്തെ ആക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതോടെ സംഘർഷം വീണ്ടും കടുത്തു. പ്രസിഡന്റ് നിക്കാേളാസ് മഡൂറോ എത്രയും പെട്ടെന്ന് സ്ഥാനമാെഴിണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാൽ മഡൂറോ ഇത് നിഷേധിച്ചു.
വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാദ്ധ്യതയുണ്ടെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. കരീബിയൻ കടലിലും പസഫിക്ക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് അമേരിക്കൻ സൈന്യം വെനസ്വേലയുടെ എട്ടുബോട്ടുകളെ തകർത്തിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |