
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ. ഇപ്പോഴിതാ താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും രംഗത്തെത്തിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചത്.
എംപി സ്ഥാനം കളഞ്ഞ് എംഎൽഎ ആകണമെന്നും അധികാരം കിട്ടിയാൽ മന്ത്രി ആകണമെന്നും കെ സുധാകരൻ നേതാക്കളിൽ പലരോടും പറഞ്ഞിട്ടുണ്ട്. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. എന്നാൽ, ഇളവ് നൽകിയാൽ മറ്റ് എംപിമാർ കൂടി നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല.
മുൻ മേയർ ടി ഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂർ സീറ്റ് കണ്ണുവച്ചിട്ടുള്ളത്. കോർപ്പറേഷനിൽ തുടർഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് കൂടി ടി ഒ മോഹനന്റെ അവകാശത്തിന് ശക്തിപകരും. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജിൽ മാക്കുറ്റിക്ക് കരുത്ത്. 91ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ എൻ രാമകൃഷ്ണന്റെ മകളായ അമൃതാ രാമകൃഷ്ണൻ മുൻ കൗൺസിലർ കൂടിയാണ്.
കെഎസ്‌യു ഉപാദ്ധ്യക്ഷൻ ആണെങ്കിലും കണ്ണൂർ മണ്ഡലം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളാണ് മുഹമ്മദ് ഷമ്മാസും നടത്തിവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിൽ 15,000 അടുത്ത് ലീഡും കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ട്. എതിർപക്ഷത്ത് ഇക്കുറിയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാകാനാണ് സാദ്ധ്യത. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2000 വോട്ടിന് താഴെയുള്ള നേരിയ ഭൂരിപക്ഷത്തിലാണ് കണ്ണൂർ മണ്ഡലം യുഡിഎഫിന് നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |