
ദുബായ്: പ്രവാസികൾക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുതിയ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നിലവിലെ 30 കിലോ ബാഗേജ് പരിധിക്കുപുറമെ, കുറഞ്ഞ നിരക്കിൽ അഞ്ച്, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഒരുക്കിയിരിക്കുന്നത്.
പുതിയ പ്രഖ്യാപനം നിലവിൽ വരുന്നതോടെ പ്രവാസികൾക്ക് 40 കിലോവരെ ചെക്ക് - ഇൻ ബാഗേജ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കും. യുഎഇയിൽ അഞ്ച് കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിർഹവും 10 കിലോയ്ക്ക് 20 ദിർഹവുമാണ് നിരക്ക്. ബഹ്‌റൈനിലും കുവൈറ്റിലും അധികമായി കൊണ്ടുപോകുന്ന ഓരോ കിലോയ്ക്കും 0.2 ദിനാർ വീതമാണ് നൽകേണ്ടത്. ഒമാനിൽ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും രണ്ട് റിയാലുമാണ് അധിക ബാഗേജിന് നൽകേണ്ടി വരിക.
ജനുവരി 16 മുതൽ മാർച്ച് 10വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇതിനായി ജനുവരി 31നകം ടിക്കറ്റുകൾ ബുക്ക് ചെയ്യണം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാവുക. എക്സ്‌പ്രസ് വാല്യൂ, എക്സ്‌പ്രസ് ലൈറ്റ്, എക്സ്‌പ്രസ് ഫ്‌ളെക്‌സ്, എക്സ്‌പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |