
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കുറ്റത്തിന് ആന്റണി രാജുവിന് എതിരെ 2006ൽ വഞ്ചിയൂർ കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും നടപടികൾ നീണ്ടു. 100ലേറെ തവണ കേസ് പരിഗണിച്ചെങ്കിലും ആന്റണി രാജു ഹാജരായില്ല. തുടർനടപടികളില്ലാതെ കെട്ടികിടക്കുന്ന കേസുകളിലൊന്നായി മാറി. ഇതിനിടെ മാദ്ധ്യമപ്രവർത്തകൻ അനിൽ ഇമ്മാനുവേൽ വിവരാവകാശ നിയമപ്രകാരം കേസിന്റെ അതുവരെയുള്ള പോസ്റ്റിംഗും നടപടികളുടെയും വിവരങ്ങൾ ചോദിച്ച് അപേക്ഷ നൽകി. മറുപടിയുടെ അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തയായി.
ഇതോടെ ഹൈക്കോടതി ഇടപെട്ട് 2014ൽ കേസ് വഞ്ചിയൂർ സെഷൻസ് കോടതിയിൽ നിന്ന് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ആൻഡ്രൂവിന്റെ ചതി
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ നടന്ന തിരിമറി കണ്ടെത്താനുള്ള അന്വേഷണം കേരളത്തിൽ പുരോഗമിക്കുന്നതിനിടെ വീണ്ടും ട്വിസ്റ്റായി. കോടതി വെറുതേവിട്ട പ്രതി ആൻഡ്രൂ സാൽവദോർ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയതിന് പിന്നാലെ
കൊലക്കേസിൽ പെട്ട് ജയിലിലായി. സഹതടവുകാരനോട് കേരളത്തിലെ കേസ് അട്ടിമറിച്ച സംഭവം പങ്കുവച്ചു.
അടിവസ്ത്രം വെട്ടിച്ചെറുതാക്കി തിരികെ വച്ചതും ഹൈക്കോടതിയിൽ അപ്പീൽ നൽകി അതു തനിക്ക് പാകമല്ലെന്ന് നേരിട്ട് ബോധ്യപ്പെടുത്തിയതും വെളിപ്പെടുത്തി.
സഹതടവുകാരൻ ജയിൽ അധികൃതർക്ക് വിവരങ്ങൾ കൈമാറി. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ സഹതടവുകാരന്റെ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ കേരള പൊലീസിന് കത്ത് നൽകി. ഇത് നിർണായക തെളിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |