
ഇരിട്ടി(കണ്ണൂർ): കേരളത്തിലെ ഹൈന്ദവരും പിന്നാക്കക്കാരും അനുഭവിക്കുന്ന വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സാമൂഹ്യനീതി ആവശ്യപ്പെട്ട വെള്ളാപ്പളളി നടേശനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്ന ചില ചാനലുകാരുടെ പ്രവൃത്തിയും കരി ഓയിൽ ഒഴിക്കുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഭീഷണിയും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ദോഷകരമാണെന്ന് ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ വിലയിരുത്തി. വെള്ളാപ്പള്ളി പറയുന്ന സാമൂഹ്യ സത്യങ്ങൾ പൊതുസമൂഹത്തിന് ബോദ്ധ്യമാവുമ്പോൾ വിറളിപൂണ്ട ചില മതരാഷ്ട്രീയ പാർട്ടിക്കാരും ചാനലുകാരും അദ്ദേഹത്തെ ആക്രമിക്കുകയാണ്. അധികാരത്തിൽ വരേണ്ടത് ഒരു പ്രത്യേക സമുദായത്തിന്റെ ആവശ്യമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നവർ മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കിട്ടുന്നില്ലെന്ന സാമൂഹ്യ സത്യം പറഞ്ഞ വെള്ളാപ്പള്ളിയെ ആക്രമിക്കുകയാണ്. ഇത് ആവർത്തിച്ചാൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരും തെരുവിൽ നേരിടാൻ ഇറങ്ങുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ എയ്ഡഡ് സ്കൂളുകളുടെ കണക്കിൽ പോലും ഹിന്ദു വിഭാഗങ്ങളോടുള്ള കടുത്ത അവഗണനയാണെന്നും യോഗം ഓർമ്മപ്പെടുത്തി. പടിയൂരിൽ 2006ൽ അപ്ഗ്രേഡ് ചെയ്ത സ്കൂൾ ഇല്ലാതാക്കിയതും അന്നത്തെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാർട്ടിയാണ് എന്നുള്ളത് ആരും മറന്നിട്ടില്ലെന്നും യൂണിയൻ യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.ബാബു, അസി. സെക്രട്ടറി,എം.ആർ.ഷാജി, കെ.കെ.സോമൻ, കെ.എം.രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |