
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഉടുപ്പിയിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള കേന്ദ്ര പദ്ധതി കേരളം ഉഴപ്പിയതോടെ വൈകിയത് നാലുവർഷം. 400 കെ.വി വൈദ്യുതി എത്തിക്കുന്നതാണ് 1,000 കോടിയുടെ പദ്ധതി. ലൈൻ പോകുന്ന സ്ഥലത്തെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തെച്ചൊല്ലിയാണ് പദ്ധതി വൈകിപ്പിച്ചത്. എന്നാൽ, കർണാടകത്തിലെ നിർമ്മാണം പൂർത്തിയായി.
സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ കഴിഞ്ഞദിവസം അനുമതി നൽകിയത്. അരീക്കോട് കാഞ്ഞിരോട് മൈലാട്ടി 220 കെ.വി ലൈനിലൂടെയാണ് ഉത്തര മലബാറിലേക്ക് വൈദ്യുതി എത്തുന്നത്. ഇത് തകരാറിലായാൽ ഉത്തര മലബാർ ഇരുട്ടിലാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ വേനലിൽ 900 മെഗാവാട്ട് വൈദ്യുതി വേണം. എന്നാൽ കിട്ടുന്നത് 600 മെഗാവാട്ട് മാത്രം. ഇത് പരിഹരിക്കാനാണ് ഉഡുപ്പിയിൽ നിന്ന് കാസർകോട്ടെ കരിന്തളം വരെ വൈദ്യുതി എത്തിക്കാൻ 125 കിലോമീറ്റർ നീളത്തിൽ 400 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ പദ്ധതി ആവിഷ്‌കരിച്ചത്.
2022ൽ തുടങ്ങിയ പദ്ധതി 2026 സെപ്തംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, കേരളം നിസഹകരിച്ചതോടെ ഈവർഷവും പൂർത്തിയാകില്ല. നോർത്ത് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് ലൈൻ നിർമ്മിക്കുന്നത്. ഇത് പൂർത്തിയാകുമ്പോൾ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകൾക്ക് പ്രയോജനം കിട്ടും. ഇത് മൈസൂർ അരീക്കോട് അന്തർ സംസ്ഥാന ലൈനുമായി ബന്ധിപ്പിക്കാനും സാധിക്കും.
ന്യായവിലയുടെ 340 ശതമാനം നഷ്ടപരിഹാരം
ലൈനിന് കീഴിലുള്ള വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചാൽ പി.ഡബ്ലിയു.ഡി അടങ്കൽ പ്രകാരം ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും. ടവർ സ്ഥാപിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 340 ശതമാനം നഷ്ടപരിഹാരം അനുവദിക്കും. ലൈൻ പോകുന്ന ഭൂമിക്ക് ന്യായവിലയുടെ 60 ശതമാനം നൽകും. പദ്ധതിക്കായി മുറിക്കുന്ന മരങ്ങൾക്ക് കാസർകോട് കളക്ടർ നിശ്ചയിക്കുന്ന വില നൽകും. ലൈൻ പോകുന്ന സ്ഥലം നിരപ്പാണെങ്കിൽ 46 മീറ്റർ വീതിയിൽ മരം വെട്ടാനുള്ള നഷ്ടപരിഹാരം കണക്കാക്കണം. താഴ്ചയുള്ള പ്രദേശങ്ങളിൽ 30 മീറ്റർ വീതിയിൽ സ്ഥലങ്ങളിലെ മരങ്ങൾക്ക് നഷ്ടപരിഹാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |