SignIn
Kerala Kaumudi Online
Saturday, 16 May 2026 5.26 AM IST

വരാനിരിക്കുന്നത് കൊടും ചൂട്? ഈ ജില്ലയിലെ ജലസംഭരണികളില്‍ സൂചന

heat


വാമനപുരം: വേനല്‍ കാലം എത്തും മുന്‍പേ ജലസംഭരണികളിലെയും നദികളിലെയും നീരൊഴുക്ക് കുറയുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിരുന്നു വരള്‍ച്ചയെങ്കില്‍ ഇപ്പോള്‍ ജനുവരി എത്തിയപ്പോഴേക്കും നദികളിലെയും പുഴകളിലേയും കിണറുകളിലെയും ജലം വറ്റിത്തുടങ്ങി. ഇങ്ങനെ പോയാല്‍ വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറയുന്നതോടെ ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനില്‍ ഏറെയുള്ള കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം നിലയ്ക്കും.

വാമനപുരം നദിയെ ആശ്രയിച്ച് ആനാക്കുടി, കാരേറ്റ്, കിളിമാനൂര്‍, നഗരൂര്‍, അയിലം,വക്കം,അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍,കട്ടപ്പറമ്പ്, കിഴുവിലം തുടങ്ങിയ നിരവധി കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്.

വേണ്ടത്ര തടയണകള്‍ നിര്‍മ്മിച്ചിട്ടില്ല


വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകള്‍ നിര്‍മ്മിക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വെള്ളം സംഭരിച്ച് നിര്‍ത്തി ജലവിതരണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.കരമന,അരുവിക്കര, നെയ്യാര്‍ നദികളില്‍ ഒരു ഡാം വച്ചെങ്കിലും ചിറയിന്‍കീഴ്,വര്‍ക്കല,നെടുമങ്ങാട് താലൂക്കുകള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയില്‍ ഒരു മിനി ഡാം പോലുമില്ല. ഒരു തടയണയെങ്കിലും നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

താത്കാലിക തടയണ പ്രശ്‌നമാകുന്നു


വാമനപുരം നദിയില്‍ പൂവന്‍പാറയില്‍ തടയണയുണ്ടെങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയുള്ളതാണ്. ഓരോ തവണയും വാട്ടര്‍ അതോറിട്ടി തടയണയ്ക്കായി പ്രപ്പോസല്‍ വയ്ക്കുമെങ്കിലും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിരസിക്കും. താത്കാലിക തടയണ നിര്‍മ്മിക്കാന്‍ അനുവദിക്കുകയും മഴക്കാലമാകുമ്പോള്‍ നീരൊഴുക്കിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ് ഇറക്കുകയുമാണ് പതിവെന്ന ആക്ഷേപമുണ്ട്.


ഇത്തരത്തില്‍ താത്ക്കാലിക തടയണ നിര്‍മ്മിക്കാന്‍ ലക്ഷങ്ങളാണ് ചെലവാക്കുന്നത്. സ്ഥിരമായി തടയണങ്ങള്‍ നിര്‍മ്മിച്ചാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

സമഗ്ര ശുദ്ധജല വിതരണ പദ്ധതി മുടങ്ങുമെന്ന ആശങ്കയില്‍


കിളിമാനൂര്‍, പഴയ കുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കിയ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടര്‍ന്ന് തടസ്സപ്പെടുന്ന അവസ്ഥയിലാണ്. കാരേറ്റ് വാമനപുരം നദിയില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാല്‍ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമീപഭാവിയില്‍ പദ്ധതി പ്രവര്‍ത്തനം മുടങ്ങാന്‍ ഇടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA