
തിരുവനന്തപുരം: സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ എളമരം കരീം എത്തിയതോടെ ദേശീയ ട്രേഡ് യൂണിയൻ രംഗത്ത് വീണ്ടും കേരളത്തിന്റെ തിളക്കം. 1991മുതൽ 2000വരെ ഇ.ബാലാനന്ദൻ ദേശീയ പ്രസിഡന്റായിരുന്നു. സംഘടനാപരമായി കൂടുതൽ അധികാരമുള്ള പദവിയിലേക്ക് കേരളത്തിന്റെ പ്രതിനിധി എത്തുന്നുവെന്നതാണ് എളമരം കരീമിന്റെ സ്ഥാനലബ്ധിയോടെ ലഭിക്കുന്ന പ്രത്യേകത.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമാണ് എളമരം കരീം. 2006ലെ വി.എസ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം രാജ്യസഭാംഗവുമായിരുന്നിട്ടുണ്ട്. ബംഗാളിൽ നിന്നുള്ള ഐ.ടി വിദഗ്ദ്ധൻ സുദീപ് ദത്തയാണ് ദേശീയ പ്രസിഡന്റ്. വിവര സാങ്കേതികവിദ്യയിൽ അസാധാരണ പാടവമുള്ള സുദീപിനെ സി.പി.എം മധുര പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.ചന്ദ്രൻപിള്ള, പി.നന്ദകുമാർ എം.എൽ.എ, കെ.കെ.ജയചന്ദ്രൻ തുടങ്ങിയവർ ദേശീയ ഭാരവാഹി നിരയിലെ കേരളത്തിൽ നിന്നുള്ള പ്രധാനികളാണ്.
സംസ്ഥാന ജന. സെക്രട്ടറി
എം.വി.ജയരാജനും സാദ്ധ്യത
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പദം എളമരം കരീം ഒഴിയുന്നതോടെ പകരം സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് സാദ്ധ്യത. അല്ലെങ്കിൽ നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകഷ്ണൻ ജനറൽ സെക്രട്ടറിയാവുകയും പി.നന്ദകുമാർ എം.എൽ.എ പ്രസിഡന്റാകുകയും ചെയ്തേക്കാം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാകും അന്തിമ തീരുമാനം എടുക്കുക. 15ന് സി.ഐ.ടി.യു സംസ്ഥാന നേതൃയോഗവും 20ന് സംസ്ഥാന കമ്മിറ്റിയും വിളിച്ചിട്ടുണ്ട്.
കോഴിക്കോടിന്റെ കരീംക്ക
കോഴിക്കോട്: മലപ്പുറം ജില്ലയിലെ എളമരത്ത് സാധാരണ കുടുംബത്തിൽ ജനിച്ച എളമരം കരീം പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത് കോഴിക്കോട് നിന്നാണ്. കോഴിക്കോട് ദേവഗിരി കോളേജ് പഠനകാലത്ത് കെ.എസ്.എഫ് പ്രവർത്തകനായി. 1970ൽ സി.പി.എം അംഗമായി. 1973ൽ മാവൂർ ഗ്വാളിയോർ റയോൺസ് കരാർ തൊഴിലാളി യൂണിയനിൽ അംഗമായി.കരാർ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ പങ്കെടുത്ത് നേതൃനിരയിലേക്ക് ഉയർന്നു.
2012ൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി. രാജ്യസഭാംഗമായിരുന്നപ്പോൾ തൊഴിലാളികളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ ക്രിയാത്മക ഇടപെടൽ നടത്തി. കേന്ദ്രസർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് പാർലമെന്റിൽ ശബ്ദമുയർത്തിയതിന് രണ്ടുതവണ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. വ്യവസായ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണി ഉൾപ്പെടെ എളമരം കരീമിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു.
ഉത്തരവാദിത്വം ഭംഗിയായി
നിറവേറ്റും: എളമരം കരീം
ന്യൂഡൽഹി: കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി പദമെന്ന് എളമരം കരീം. സംഘടന ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ പ്രക്ഷോഭം ശക്തമാക്കും. അതിനാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരങ്ങളാണ് സി.ഐ.ടി.യു പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വിശാഖപട്ടണത്തെ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്രേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വെനസ്വേലയിലെ യു.എസ് നടപടിക്കെതിരെ പ്രവർത്തകർ പ്ലക്കാർഡുകളും ബാനറുകളുമുയർത്തി. അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത യു.എസ് നടപടിയെ അപലപിച്ചു. ഗാസയിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.
ഇപ്പോൾ വെനസ്വേലയിലാണെങ്കിൽ നാളെ നമ്മളെ തേടിയും അവർ വരും. മറ്റു രാജ്യങ്ങൾക്കു മേൽ അധിക തീരുവ ചുമത്തിയും, വിഭവങ്ങൾ പിടിച്ചുപറിച്ചും സ്വന്തം രാജ്യത്തിനകത്തെ പ്രതിസന്ധി മറികടക്കാനാണ് യു.എസിന്റെ ശ്രമം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ്, വിബി-ജി റാം ജി നിയമം തുടങ്ങിയവ തൊഴിലാളി വിരുദ്ധമാണ്. ഫെബ്രുവരി 12ലെ പൊതു പണിമുടക്ക് ജാഗ്രതാ സമരമാണെന്നും സുദീപ് ദത്ത വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |