
ആലപ്പുഴ: പ്രകൃതിക്ഷോഭത്താലോ, മനുഷ്യനിർമ്മിത ദുരന്തങ്ങളാലോ സൃഷ്ടിക്കപ്പെടുന്ന മാലിന്യം ഇനി തലവേദനയാകില്ല. ശുചിത്വമിഷന്റെ 'ദുരന്ത മാലിന്യ സംസ്കരണ പ്രോട്ടോക്കോൾ' അത്തരം മാലിന്യങ്ങളെ അറുതിവരുത്തും.
2024 ൽ വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മാലിന്യ സംസ്കരണം നേരിട്ട വെല്ലുവിളികളാണ് സ്ഥിരം സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടിയത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ രാജ്യത്ത് ആദ്യമായി ശുചിത്വമിഷൻ സർക്കാരിന് സമർപ്പിച്ച ദുരന്ത മാലിന്യ പരിപാലന മാർഗരേഖ എല്ലാ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാക്കും.
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ, കെട്ടിടാവശിഷ്ടങ്ങൾ, മണ്ണ്, കൂറ്റൻ പാറകൾ, പ്ലാസ്റ്റിക്-ഇലക്ട്രോണിക് വസ്തുക്കൾ, ബയോമെഡിക്കൽ മാലിന്യം എന്നിവ കൂടി കലർന്ന ടൺ കണക്കിനു മാലിന്യമാണ് പ്രദേശത്ത് അടിഞ്ഞു കൂടിയത്. ഇത്തരം സാഹചര്യങ്ങളിൽ നിലവിലുള്ള മാലിന്യ സംസ്‌കരണ രീതികൾ പര്യാപ്തമല്ലെന്നു കണ്ടാണ് പ്രോട്ടോക്കോൾ ആവിഷ്കരിച്ചത്. മുണ്ടക്കൈ ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നുമായി 81.64 ടൺ ഖര മാലിന്യവും 106 കിലോ ലിറ്റർ ശുചിമുറി മാലിന്യവുമാണ് നീക്കം
ചെയ്തത്.
# ദുരന്തമുനമ്പിൽ കേരളം
ചെങ്കുത്തായ പശ്ചിമഘട്ടമുൾപ്പെട്ട ഭൂപ്രകൃതിയും നീണ്ടുനിവർന്ന തീരദേശവും കാരണം പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുനമ്പിലാണ് കേരളം. ഏറ്റവും കൂടുതൽ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് വെള്ളപ്പൊക്കം, ഇത് ഭൂവിസ്തൃതിയുടെ 14.5ശതമാനത്തെയും ചില ജില്ലകളിൽ 50ശതമാനം വരെയും ബാധിക്കും. മണ്ണിടിച്ചിൽ, വരൾച്ച, ജലക്ഷാമം, മിന്നൽ, കാട്ടുതീ, കടൽക്ഷോഭം, ശക്തമായ കാറ്റ് എന്നിവയാണ് മറ്റ് അപകടങ്ങൾ. ഭൂകമ്പ മേഖല തേഡ് സോണിലാണ് കേരളത്തിന്റെ സ്ഥാനം. കൂടാതെ, തീപിടിത്തങ്ങൾ, വ്യാവസായിക അപകടങ്ങൾ തുടങ്ങിയ മനുഷ്യനിർമ്മിത ദുരന്തങ്ങളും സംസ്ഥാനം നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവശേഷിക്കുന്ന മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുതകുന്നതാണ് പ്രോട്ടോക്കോൾ സംവിധാനം.
പ്രോട്ടോക്കോളിൽ
ഘട്ടങ്ങൾ മൂന്ന്
1. അടിയന്തര ഘട്ടം
രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്ന മാലിന്യം മാറ്റൽ, ബയോ-ടോയ്ലെറ്റുകൾ ഉറപ്പാക്കൽ, ജൈവ മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും സംസ്കരിച്ച് രോഗപ്പകർച്ച ഒഴിവാക്കൽ.
2. ക്രമീകരണ ഘട്ടം
മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിക്കൽ, കെട്ടിടാവശിഷ്ടങ്ങൾ ക്രഷർ യൂണിറ്റുകൾ വഴി പൊടിച്ചുളള പുനരുപയോഗം.
3. പുനരുദ്ധാരണ ഘട്ടം
ശേഖരിച്ച അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി മുഖേന സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റൽ, ദുരന്ത മേഖലയിലെ മണ്ണും വെള്ളവും മലിനമായിട്ടില്ലെന്ന് ഉറപ്പുവരുത്തുക. തൊഴിലാളികളുടെ സുരക്ഷയ്ക്ക് ചെക്ക് ലിസ്റ്റും ജി.ഐ.എസ്. നിരീക്ഷണം, ദ്രവമാലിന്യവും സെപ്റ്റേജും കൈകാര്യം ചെയ്യാൻ മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ, ഇൻസിനറേറ്ററുകൾ.
...............................
മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് സുരക്ഷയ്ക്കും പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനും ദുരന്ത പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും
-ശുചിത്വമിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |