SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.34 PM IST

'മരക്കുഴിമാടം'; പല്ല് മുളയ്‌ക്കും മുൻപ് മരിച്ച കുഞ്ഞുങ്ങൾക്ക് മരപ്പൊത്തിൽ സംസ്‌കാരം, ആചാരത്തിന് പിന്നിൽ

Increase Font Size Decrease Font Size Print Page

tree-burial

ടൊറാജാ: ഓരോ സമൂഹവും മരണത്തെ സമീപിക്കുന്നത് വ്യത്യസ്‌തമായ രീതിയിലാണ്. മരിച്ചവരെ അടക്കം ചെയ്യുന്നതിനും അവരുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നതിനുമെല്ലാം പലവിധത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഇവയിൽ പലതും മറ്റ് സമൂഹങ്ങൾക്ക് വിചിത്രവും അവിശ്വസനീയവുമായി തോന്നാം. ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിലുള്ള ടാനാ ടൊറാജ സമൂഹത്തിന്റെ മരണാനന്തര ചടങ്ങുകൾ അത്തരത്തിലുള്ളതാണ്. മരിച്ചവരോടൊപ്പം ജീവിക്കുന്നവരെന്നും ടൊറാജ സമൂഹത്തെ വിശേഷിപ്പിക്കാറുണ്ട്. മരണവുമായി ബന്ധപ്പെട്ട് അവർ പുലർത്തുന്ന വിചിത്രമായ ചടങ്ങുകൾ തന്നെയാണ് അതിന് കാരണം.

ടൊറാജാ സമൂഹത്തിന്റെ ആചാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പല്ല് മുളയ്‌ക്കും മുൻപ് മരണപ്പെടുന്ന കുഞ്ഞുങ്ങളെ സംസ്‌കരിക്കുന്ന രീതിയാണ്. മരങ്ങൾക്കുള്ളിലാണ് അവർ കുഞ്ഞുങ്ങളെ അടക്കം ചെയ്‌തിരുന്നത്. കംബിറ ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള മരങ്ങൾ പ്രധാനമായും കാണാൻ സാധിക്കുന്നത്. പ്രാദേശികമായി ടാറ എന്ന പേരിൽ അറിയപ്പെടുന്ന പ്ലാവ് മരങ്ങൾക്കുള്ളിലാണ് കുഞ്ഞുങ്ങളെ അടക്കിയിരുന്നത്.

പല്ല് മുളയ്‌ക്കും മുൻപ് മരിക്കുന്ന കുഞ്ഞുങ്ങളുടെ അസ്ഥികൾക്ക് മരത്തിന്റെ ഉൾഭാഗം പോലെ മൃദുത്വം ഉണ്ടെന്നാണ് ജനങ്ങൾ വിശ്വസിച്ചിരുന്നത്. അവരെ പാപമില്ലാത്ത പരിശുദ്ധാത്മാക്കളായാണ് കണക്കാക്കുന്നത്. മരങ്ങൾക്കുള്ളിൽ സംസ്‌കരിക്കുമ്പോൾ അവരുടെ ആത്മാവ് കാറ്റിൽ ലയിക്കുമെന്ന് ടൊറാജാ സമൂഹം വിശ്വസിച്ചിരുന്നു. കുഞ്ഞ് മരിച്ചുകഴിഞ്ഞാൽ കുറച്ച് കാലം ദുഃഖം ആചരിച്ച ശേഷം ഒരു മരം തിരഞ്ഞെടുക്കും. കുഞ്ഞിന്റെ മൃതശരീരം പന്നൽച്ചെടികളുടെ (ഫേൺ) ഇലകളിൽ പൊതിഞ്ഞ് മരത്തിന് ഉള്ളിലേക്ക് വയ്‌ക്കും. പിന്നീട് ആ ഭാഗം പനമരത്തിന്റെ തോല് ഉപയോഗിച്ച് മൂടും. അതിലൂടെ ആ മരം കുഞ്ഞിന് പുതിയ അമ്മയായി മാറുമെന്നാണ് വിശ്വാസം. അതിനാൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ വീടിന്റെ എതിർവശത്തായിരിക്കും മരത്തിനുള്ളിൽ പൊത്തെടുക്കുന്നത്. കാലക്രമേണ മരം വളരുമ്പോൾ ആ പൊത്ത് നികത്തപ്പെടുന്നു. അതോടെ പൂർണമായും കുഞ്ഞ് മാതൃപ്രകൃതിയുടെ മടിയിലേക്ക് മടങ്ങുന്നുവെന്നാണ് വിശ്വസിക്കുന്നത്. പ്ലാവിൽ നിന്നൊഴുകുന്ന വെളുത്ത നിറത്തിലുള്ള പാൽ മരിച്ച കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നുവെന്നും കരുതിപ്പോന്നിരുന്നു.

ഇന്ന് കംബിറ സന്ദർശിക്കുന്നവർക്ക് ഒരേ മരത്തിൽ തന്നെ നിരവധി കുഞ്ഞുങ്ങളെ അടക്കിയിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും അമ്പത് വർ‌ഷത്തിലേറെ പഴക്കമുള്ളവയാണ്. അരനൂറ്റാണ്ട് മുൻപ് തന്നെ മരങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ അടക്കം ചെയ്യുന്ന പാരമ്പര്യ രീതി ടൊറാജ സമൂഹം അവസാനിപ്പിച്ചതായാണ് വിവരം. വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിയിൽ ശിശുമരണനിരക്ക് കുറഞ്ഞതും അതിനൊരു കാരണമായി.

TAGS: FUNERAL, TRADITION, CUSTOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY