ന്യൂഡൽഹി: ഭഗവാനെ പോലും വെറുതെ വിടുന്നില്ലല്ലോയെന്ന് സുപ്രീംകോടതി. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കെ.പി. ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ ആശങ്കപ്പെട്ടത്. ശബരിമലയിൽ വൻക്രമക്കേടുകൾ നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ഹർജി നൽകിയത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ താൻ കക്ഷി പോലുമല്ലാത്ത വിഷയത്തിൽ ഹൈക്കോടതി പരാമർശം നടത്തിയെന്നാണ് ശങ്കരദാസിന്റെ പരാതി.
ബോർഡ് മുൻ അംഗങ്ങളായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം നീളാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ബോർഡിന്റെ മിനിട്ട്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജിയിൽ ഇടപെടില്ലെന്ന് പരമോന്നത കോടതി കർക്കശ നിലപാടെടുത്തതോടെ ശങ്കരദാസിന്റെ അഭിഭാഷകർ ഹർജി പിൻവലിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ശങ്കരദാസ് ചൂണ്ടിക്കാണിച്ചു. മുൻകൂർ ജാമ്യത്തിനായി ശങ്കരദാസ് ഹർജി സമർപ്പിച്ചാൽ കീഴ്ക്കോടതികൾ മെരിറ്റിൽ കേൾക്കണമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
വാസുവിന്റെ റിമാൻഡ് നീട്ടി
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിതാണ് വാസുവിനെ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വാസുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണം പുരോഗമിക്കുന്നതേയുള്ളുവെന്നും എസ്.ഐ.ടി കോടതിയിൽ അറിയിച്ചു. വാസുവിന്റെ ആരോഗ്യ പ്രശ്നങ്ങൾ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല.
ശങ്കരദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് മുൻകൂർ ജ്യാമ്യാപേക്ഷയുമായി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയിൽ നിന്ന് കോടതി റിപ്പോർട്ട് തേടിയേക്കും. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ശബരിമല സ്വർണാപഹരണ കേസുകളുടെ നടപടികൾ കൊല്ലം വിജിലൻസ് കോടതിയിലാണെങ്കിലും മുൻകൂർ ജാമ്യ ഹർജി ആദ്യം പരിഗണിക്കാനുള്ള അധികാരം സെഷൻസ് കോടതിക്കും ഹൈക്കോടതിക്കുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |