
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് തടവിലാക്കിയതിന്റെ ഞെട്ടലിലാണ് ലോകം. കഴിഞ്ഞദിവസം ഇരുവരെയും ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കിയിരുന്നു. 2020ൽ റജിസ്റ്റർ ചെയ്ത ലഹരിക്കടത്തുക്കേസിലാണ് മഡുറോ വിചാരണ നേരിടുന്നത്. വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് തടവിലാക്കിയതിൽ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ ആശങ്കയും പ്രതിഷേധവും ഉയർത്തുകയാണ്. അധികമാർക്കും അറിയാത്തൊരു ബന്ധം മഡുറോയ്ക്ക് ഇന്ത്യയുമായുണ്ട്. മുൻ ബസ് ഡ്രൈവറും രാഷ്ട്രീയക്കാരനുമായ മഡുറോ സത്യസായി ബാബയുടെ തീവ്ര അനുയായിയാണ്.
കത്തോലിക്കനായി വളർന്ന മഡുറോയ്ക്ക് ആദ്യമായി സത്യസായി ബാബയെ പരിചയപ്പെടുത്തിയത് 2005ൽ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസാണ്. ഇരുവരും വിവാഹിതരാകുന്നതിന് മുമ്പായിരുന്നു ആ കണ്ടുമുട്ടൽ. സത്യസായി ബാബയുടെ കടുത്ത അനുയായിയായിരുന്നു 'ഉരുക്കുവനിത' എന്നും അറിയപ്പെടുന്ന ഫ്ലോറസ്.
2005ൽ വെനസ്വേലയുടെ വിദേശകാര്യ മന്ത്രിയായിരിക്കവേ മഡുറോ ഭാര്യ സിലിയയോടൊപ്പം ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെത്തി സായിബാബയെ സന്ദർശിച്ചു. വിദ്യാഭ്യാസ മന്ത്രിയോടൊപ്പമാണ് അദ്ദേഹം പ്രശാന്തിനിലയം സന്ദർശിച്ചത്. ഈ സന്ദർശനത്തെക്കുറിച്ച് സത്യസായ് സെൻട്രൽ പ്രസ്‌താവനയും പുറത്തിറക്കിയിരുന്നു. മഡുറോയും ഭാര്യയും ബാബയെ സന്ദർശിച്ചതിന്റെ ചിത്രം ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. മഡുറോ അധികാരത്തിലെത്തിയപ്പോൾ കാരക്കാസിലെ മിറാഫ്‌ളോറസ് കൊട്ടാരത്തിലുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ഓഫീസിൽ സൈമൺ ബൊളിവറിനും ഹ്യൂഗോ ഷാവേസിനും ഒപ്പം സായിബാബയുടെ ഒരു ഛായാചിത്രം തൂക്കിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ശക്തമാകുന്ന വേളകളിൽപ്പോലും മഡുറോ കുടുംബം സായിബാബയോടുള്ള ഭക്തി കാത്തുസൂക്ഷിച്ചിരുന്നു. 2011ൽ സത്യസായി ബാബ അന്തരിച്ചപ്പോൾ മഡുറോ ഔദ്യോഗിക അനുശോചന പ്രമേയം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെനസ്വേലയുടെ ദേശീയ അസംബ്ലി ഔദ്യോഗിക അനുശോചന പ്രമേയം പാസാക്കി. കൂടാതെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.
2025 നവംബർ 23ന് മഡുറോ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി സത്യസായി ബാബയുടെ ശതാബ്ദി അനുസ്മരിക്കുകയും ചെയ്തിരുന്നു. 'നമ്മൾ കണ്ടുമുട്ടിയ നിമിഷം ഞാൻ എപ്പോഴും ഓർക്കുന്നു. ആ മഹാനായ അദ്ധ്യാപകന്റെ ജ്ഞാനം നമ്മെ പ്രബുദ്ധരാക്കുന്നത് തുടരട്ടെ'- എന്നാണ് പ്രസ്‌താവനയിൽ അദ്ദേഹം പറഞ്ഞത്. ഗുരുവിനെ "വെളിച്ചത്തിന്റെ മനുഷ്യൻ" എന്നാണ് മഡുറോ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ നിലവിൽ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായ ഡൽസി ഇലോയിന റോഡ്രിഗസും സായിബാബയുടെ അനുയായിയാണ്. 2019, 2023, 2024 വർഷങ്ങളിൽ അവർ ആന്ധ്രപ്രദേശിലെ ബാബയുടെ ആശ്രമം സന്ദർശിച്ചിരുന്നു.
സത്യസായി ബാബ പ്രസ്ഥാനം സജീവമായ 113 രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. 1974 ൽ കാരക്കാസിലാണ് ആദ്യത്തെ സായി സെന്റർ തുറന്നത്. 1972ൽ ആർലെറ്റ് മേയർ, എലിസബത്ത് പാമർ എന്നിവർ ബാബയെ സന്ദർശിക്കുകയും കടുത്ത അനുയായികളായി മാറുകയും ചെയ്തു. തുടർന്ന് 1974 ഓഗസ്റ്റ് 22 ന് അവർ കാരക്കാസിൽ സായി കേന്ദ്രം തുറക്കുകയായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ സായ് ട്രസ്റ്റ് രാജ്യത്ത് നിരവധി കേന്ദ്രങ്ങളും സ്ഥാപനങ്ങളും തുറന്നു. കാരക്കാസ്, മാറാകെ, മാറാകൈബോ, ബാർക്വിസ്മെറ്റോ, കുമാന, സിയുഡാഡ് ബൊളിവർ, പ്യൂർട്ടോ ഓർഡാസ്, മെറിഡ, മാർഗരിറ്റ ദ്വീപ് തുടങ്ങിയ നിരവധി നഗരങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളിൽ 3000ത്തിലധികം ആളുകളാണ് പങ്കെടുത്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |