
ന്യൂഡൽഹി: പ്രിലിമിനറി പരീക്ഷയിൽ സംവരണാനുകൂല്യം പ്രയോജനപ്പെടുത്തിയാൽ പിന്നീട് ജനറൽ കാറ്രഗറിയിൽ നിയമനത്തിന് അവകാശവാദമുന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അന്തിമ റാങ്ക് ലിസ്റ്റിൽ മെരിറ്റുണ്ടെങ്കിലും ജനറൽ കാറ്രഗറിയിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഐ.എഫ്.എസിലെ (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) നിയമനവുമായി ബന്ധപ്പെട്ടാണിത്. അന്തിമ റാങ്കു പട്ടികയിൽ ജനറൽ കാറ്റഗറിയിലെ ഉദ്യോഗാർത്ഥിയേക്കാൾ ഉയർന്ന റാങ്കു നേടിയ പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.
2013ലെ ഐ.എഫ്.എസ് പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിൻ ഘട്ടങ്ങളും അഭിമുഖവും ഉണ്ടായിരുന്നു. പ്രിലിമിനറിയിൽ ജനറൽ കട്ട് ഓഫ് മാർക്ക് 267 ആയിരുന്നു. പട്ടികജാതി വിഭാഗത്തിന്റെ കട്ട് ഓഫ് 233ഉം. 247.18 മാർക്കുണ്ടായിരുന്ന പട്ടികവിഭാഗത്തിലെ ജി. കിരൺ സംവരണാനുകൂല്യം പ്രിലിമിനറി പരീക്ഷയിൽ പ്രയോജനപ്പെടുത്തി. 270.68 മാർക്കുണ്ടായിരുന്ന ജനറൽ കാറ്റഗറിയിലെ ആന്റണി എസ്. മാരിയപ്പയും യോഗ്യത നേടി. ഫൈനൽ മെരിറ്റ് ലിസ്റ്ര് തയ്യാറായപ്പോൾ കിരണിന് 19ഉം, ആന്റണിക്ക് 37ഉം റാങ്കായിരുന്നു. കേഡർ അലോക്കേഷനിൽ കർണാടകയിൽ ജനറൽ തസ്തിക മാത്രമാണുണ്ടായിരുന്നത്. അതു ആന്റണി എസ്. മാരിയപ്പയ്ക്ക് കേന്ദ്രം അനുവദിച്ചു. കിരണിന് തമിഴ്നാട് കേഡറിലും നിയമനം നൽകി. ഇതിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് കിരൺ അനുകൂല വിധി നേടി.തുടർന്ന്, കേന്ദ്ര സർക്കാർ സുപ്രീകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ജനറൽ കാറ്റഗറിയിൽ സംവരണ
വിഭാഗത്തിനും തുല്യ അവകാശം
മെരിറ്റാണ് പ്രധാനം- നിയമം വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ജനറൽ കാറ്റഗറി വിഭാഗത്തിൽ സംവരണവിഭാഗത്തിലുള്ളവർ പൊതു മെരിറ്റടിസ്ഥാനത്തിൽ മുന്നിലെത്തിയാൽ അവരെത്തന്നെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിന് സംവരണ ചട്ടങ്ങൾ നോക്കേണ്ടതില്ല. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് ജനറൽ കാറ്റഗറി തസ്തികകളിലെ നിയമനത്തിനും അർഹതയുണ്ട്. ജനറൽ വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക് നേടിയിരിക്കണമെന്നു മാത്രം. മെരിറ്റിന് അർഹമായ പ്രാധാന്യം നൽകുന്നതിൽ വീഴ്ച പാടില്ല.
രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. രാജസ്ഥാൻ ഹൈക്കോടതിയിലെ ചില ജനറൽ കാറ്റഗറികളിൽ സംവരണവിഭാഗത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു. അങ്ങനെ അനുവദിക്കുന്നത് സംവരണ വിഭാഗത്തിലുള്ളവർക്ക് ഇരട്ടി ആനുകൂല്യമാകുമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിലപാട്. സംവരണം വഴിയും, ജനറൽ കാറ്റഗറി മുഖേനയും ആനുകൂല്യം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ നിലപാട് അംഗീകരിച്ചില്ല. ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാർ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവയ്ക്കുകയായിരുന്നു.
'ഓപ്പൺ' കാറ്റഗറി എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിനായി മാത്രമുള്ളതല്ല. അത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉദ്യോഗാർത്ഥി സംവരണ വിഭാഗത്തിലാണെന്ന കാരണം കൊണ്ട് മെരിറ്റ് സീറ്ര് ലഭിക്കാനുള്ള അവസരം തടയാനാകില്ല.
1.എഴുത്തുപരീക്ഷയിൽ ജനറൽ കാറ്റഗറിക്കും മുകളിൽ സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥി സ്കോർ ചെയ്താൽ, അഭിമുഖ വേളയിൽ ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥിയായി കണക്കാക്കണം
2. അന്തിമ മെരിറ്റ് ലിസ്റ്റിൽ സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥിയുടെ ആകെ മാർക്ക് ജനറൽ കാറ്റഗറിയുടെ കട്ട് ഓഫിന് താഴെയാണെങ്കിൽ, സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥിയായി കണക്കാക്കണം. സംവരണത്തിന് അർഹതയുണ്ട്.
3. സുപ്രീംകോടതി വിധി സംവരണവിരുദ്ധ നീക്കങ്ങൾക്ക് തടസമാകും. ജനറൽ കാറ്റഗി എന്നതിന്റെ വ്യാഖ്യാനത്തിൽ സംവരണവിഭാഗത്തിലെ മെരിറ്റുള്ള ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്ന സാഹചര്യത്തിനാണ് കളമൊരുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |