
വനംവകുപ്പ് പദ്ധതി പഞ്ചായത്ത് തലത്തിൽ
തിരുവനന്തപുരം: കാടിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ പഞ്ചായത്ത് തലത്തിൽ ലാൻഡ് സ്കേപ്പ് പ്ലാനുമായി വനംവകുപ്പ്. വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളെ വിവിധ ലാൻഡ് സ്കേപ്പുകളായി തിരിച്ച്, പ്രാദേശിക വിഷയങ്ങളുടെയും സ്വഭാവങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതാണ് പദ്ധതി.
ഇതിനു മുന്നോടിയായി തദ്ദേശ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ചനടത്തും. പദ്ധതിയുടെ കരട് തയ്യാറായി. പ്രാദേശിക തലത്തിലെ രണ്ടുഘട്ട ചർച്ചകൾക്കുശേഷം, അന്തിമരൂപം തയ്യാറാക്കി വനംവകുപ്പ് അംഗീകരിച്ചശേഷം സർക്കാരിനു കൈമാറും. രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കാനാണ് നീക്കം.
വന്യജീവി സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് നടത്തിയ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ലാൻഡ് സ്കേപ്പ് പദ്ധതി തയ്യാറാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിപാടിയിൽ ത്രിതല പഞ്ചായത്തുകളിൽ നിന്നും ഹെല്പ് ഡെസ്ക്കുകളിൽ നിന്നും വിവരശേഖരണം നടത്തിയിരുന്നു. വന്യജീവി സംഘർഷം രൂക്ഷമായ 273 പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ചാണ് വിവരശേഖരണം നടത്തി പുതിയ പദ്ധതി തയ്യാറാക്കിയത്.
13 ലാൻഡ് സ്കേപ്പുകൾ
പാറശാല മുതൽ കാസർകോട് വരെയുള്ള സംഘർഷ ബാധിത പ്രദേശങ്ങളെ 13 ലാൻഡ് സ്കേപ്പുകളായി തിരിച്ചു. ഓരോ പ്രദേശത്തും പ്രശ്നങ്ങളുണ്ടാക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ അതത് പ്രദേശത്തിന് അനുസൃതമായ മാർഗങ്ങൾ കണ്ടെത്തി, ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തും. വന്യജീവി സംഘർഷം നേരിടുന്നതിനായി വനംവകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടുള്ള വിവിധ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തും. ത്രിതല പഞ്ചായത്ത്, ജില്ലാ ഭരണകൂടം, റവന്യു, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ പങ്കാളികളാകും.
ജനപ്രതിനിധികളുമായി ചർച്ച
സെപ്തംബർ 15 മുതൽ 45 ദിവസങ്ങളിലായി നടത്തിയ തീവ്രയജ്ഞത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ അംഗങ്ങളും ഭരണസമിതിയും നിലവിൽവന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്. ഇത് ഉടൻ നടക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |