
കൊച്ചി: സ്വർണം പൂശിയ ശബരിമല ശ്രീകോവിലിലെ വാതിൽപ്പാളികൾ ചെമ്പാണെന്ന് എഴുതിചേർത്ത ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നടത്തിയത് ഗുരുതര കൃത്യവിലോപമാണെന്ന് പ്രത്യേക അന്വേഷണ സംഘം. 2019ൽ വാതിൽപ്പാളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ ശുപാർശയിൽ, 'മുമ്പ് സ്വർണം പൂശിയിട്ടുള്ള" എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബോർഡ് യോഗം ചേർന്നപ്പോൾ തയ്യാറാക്കിയ കുറിപ്പിൽ 'പിത്തളയിൽ' എന്ന വാക്കുവെട്ടിയ പത്മകുമാർ 'ചെമ്പുപാളികൾ' എന്ന് എഴുതിച്ചേർത്തു. സ്വർണം പൊതിഞ്ഞവയാണെന്ന് അറിവുണ്ടായിട്ടും അത് എഴുതിയില്ല.
പത്മകുമാറിന്റെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പരാമർശം. ടൈപ്പിംഗ് പിശക് തിരുത്തിയതാണെന്ന പത്മകുമാറിന്റെ വാദത്തിൽ കഴമ്പില്ല. ദേവസ്വം പ്രസിഡന്റ് എന്ന നിലയിൽ ഹർജിക്കാരന് ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ട്. സ്വർണപ്പാളികൾ കൈമാറുന്നതിന് മുൻപ് ശരിയായ കരാർ ഉണ്ടെന്ന് ഉറപ്പാക്കുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്തില്ല.
രജിസ്റ്റർ പോലും ശരിയായി സൂക്ഷിച്ചിട്ടില്ല. ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റ് 15 മാസങ്ങൾക്ക് ശേഷമാണ് വാതിൽപ്പാളി സ്വർണം പൂശാൻ നൽകിയത്. ക്ഷേത്രവുമായി ഏറെ ബന്ധമുണ്ടെന്ന് പത്മകുമാർ തന്നെ അവകാശപ്പെടുന്നുണ്ട്. അതിനാൽ ഒന്നും അറിയില്ലെന്ന നിലപാട് സ്വീകരിക്കാനാകില്ല.
ഒപ്പും കൈയക്ഷരവും
പരിശോധിക്കുന്നു
മുൻ എം.എൽ.എ കൂടിയായ പത്മകുമാറിന്റെ ഒപ്പും കൈയക്ഷരവുമടക്കം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഉന്നത സ്വാധീനമുള്ള പത്മകുമാറിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കര ദാസ്, എൻ. വിജയകുമാർ എന്നിവരെയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |