തിരുവനന്തപുരം : പിണറായി വിജയനോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും അതൊരിക്കലും ഭയമല്ലെന്നും ഭയപ്പെടേണ്ട വ്യക്തിയാണെന്ന് തോന്നിയിട്ടില്ലെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് രചിച്ച പവിത്രം പത്മനാഭം എന്ന പുസ്തകത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചയിൽ വി.എസ്.രാജേഷിന്റെ ചോദ്യങ്ങളോട് മനസ് തുറന്നുള്ള പ്രതികരണമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റേത്. പിണറായി വിജയനെ വിമർശിക്കാൻ സാഹിത്യകാർക്ക് പേടിയാണെന്ന പരാമർശങ്ങൾ ശരിയാണോയെന്ന ചോദ്യത്തിന് ഭയപ്പെടുന്നവർ ആരെയും ഭയപ്പെടും. എനിക്ക് അതിനോട് യോജിപ്പില്ല. പിണറായി വിജയനുമായി അടുത്ത ആത്മബന്ധമുണ്ട്. ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്തിട്ടുണ്ട്. ഞാൻ ഒരു മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. പിണറായി വിജയന്റെ വീടാണത്. എ.കെ.ആന്റണിയും ഞാനും ആത്മസുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ വീട് എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും പത്മനാഭൻ പറഞ്ഞു.
മനസിൽ ഒരുപാട് കഥകളെഴുതും. അതെല്ലാം അവിടെ തന്നെയിടും. ആവശ്യമുണ്ടെന്ന് തോന്നിയാൽ മാത്രം പകർത്തും. പ്രതിഫലത്തിന് വേണ്ടി എഴുതിയിട്ടില്ല. 75കൊല്ലം നീണ്ട കഥാജീവിതത്തിൽ 200കഥകൾ കഷ്ടി. എന്റെ പേരമക്കളുടെ പ്രായമുള്ളവർ 700കടന്നു. എനിക്ക് മക്കളുമില്ല. എന്റെ കഥകൾ മനോഹരമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ സത്യസന്ധ്യമായിട്ടേ എഴുതിയിട്ടുള്ളൂ. അതുകൊണ്ടായിരിക്കും ആളുകൾ ഇഷ്ടപ്പെടുന്നത്.
97ശതമാനം കഥകളിലും ജീവിതത്തിന്റെ ചുറ്റുപാടുമുള്ളവരാണ് കഥാപാത്രങ്ങൾ. ഭാവനയുടെ ചെമ്പ് ചേർക്കാറുണ്ടോയെന്ന ചോദ്യത്തിന് ശുദ്ധമായ സ്വർണത്തിൽ ആഭരണം പണിയാനാകില്ല, എന്നാൽ അത് പൊട്ടിപോകും അതിനാൽ ലേശം ചെമ്പ് അതിനും വേണമെന്ന ഉപമയായിരുന്നു മറുപടി. ഗൗരിയുടെ തുടർച്ചയായി പറയാവുന്ന കടൽ എന്ന കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ട രചന.
തന്റെ പുതുവത്സര സമ്മാനമായി പുതിയ കഥ 'സത്യം ആർക്ക് അറിയാം' ഉടൻ പുറത്തുവരും.
കഥാകൃത്ത് ആയിരുന്നില്ലെങ്കിൽ ഒരു പക്ഷേ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനാകുമായിരുന്നു.
തന്റെ അഭിമുഖം അച്ചടിച്ചും ടെലിവിഷനിലും റേഡിയോയിലും നിരവധി വന്നിട്ടുണ്ടെങ്കിലും മനോഹരമായ ഒരു ജുഗൽബന്ദി പോലെ ആസ്വദിക്കാനായത് പവിത്രം പത്മനാഭത്തിൽ പ്രതിപാദിക്കുന്ന അഭിമുഖമാണെന്ന് ടി.പത്മനാഭൻ പറഞ്ഞു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം മുദ്രണകലയ്ക്ക് അഭിമാനമായ സൃഷ്ടിയാണ്. സംതൃപ്തി നിറഞ്ഞ ജീവിതമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |