കൊച്ചി: ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ (ഒ.ടി.ഡി.യു) ഭാരവാഹികളെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചെന്ന് പരാതി. ഒ.ടി.ഡി.യു ജനറൽ സെക്രട്ടറി ജിജോ സക്കറിയയാണ് മർദ്ദനമേറ്റതായി ആരോപിച്ച് കളമശ്ശരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. യൂണിയൻ അംഗമായ അൽ അമീന്റെ ഊബർ ടാക്‌സി ഓട്ടത്തിനിടയിൽ തുതിയൂരിൽ കയറ്റം കയറുന്നതിനിടെ എതിരെ സ്വകാര്യ കാറിൽ ഇറക്കം ഇറങ്ങി വന്ന നാലംഗ സംഘം അൽഅമീനോട് കാർ പിന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
വാഹനം പിന്നോട്ടെടുക്കാനാവില്ലെന്ന് അൽ അമീൻ സംഘത്തെ അറിയിച്ചെങ്കിലും സംഭവം തർക്കത്തിൽ കലാശിച്ചു. തുടർന്ന് അൽ അമീൻ പൊലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ സംഘം പൊലീസാണെന്ന് അവകാശപ്പെട്ട് തൃക്കാക്കര സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ജിജോയും പ്രസിഡന്റ് ഷാഹിറും സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ഇവരെ പൊലീസ് തടയുകയും തള്ളി പുറത്താക്കുകയും ചെയ്തു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം സി.ഐയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസുകാർ കൂട്ടം ചേർന്ന് ഉന്തുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ജിജോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് രേഖാമൂലം പരാതി നൽകുമെന്ന് ജിജോ, ഷാഹിർ, അഡ്വ.ടി.ആർ.എസ് കുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |