
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരത്തിന് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനെ തിരഞ്ഞെടുത്തതായി മന്ത്രി വി.എൻ വാസവൻ. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് ഒരുലക്ഷംരൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നൽകും. നാഗസ്വരം ജനകീയമാക്കിയതിനും ഭക്തിഗാനശാഖയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം,തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ, പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവി എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്.
1960ൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽനിന്ന് ഗാനഭൂഷണം ഡിപ്ലോമ പാസായ ജയശങ്കർ യേശുദാസിന്റെ സീനിയറായിരുന്നു. 1962ൽ ചിറ്റൂർ ഗവ.കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനപ്രവീണയും പാസായി. പിന്നീട് ശെമ്മങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി. 1965ൽ ആകാശവാണിയിൽ അനൗൺസറായി. 1990ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചു. തമിഴ് മൻട്രത്തിന്റെ ഇശൈപേരറിഞ്ഞർ പുരസ്‌കാരം,കേന്ദ്ര,കേരള സംഗീത നാടക അക്കാഡമി അവാർഡുകൾ,ഗുരുവായൂർ പുരസ്‌കാരം,സംഗീത സമ്പൂർണ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2021ൽ ചെമ്പൈ സ്മാരക പുരസ്‌കാരവും തേടിയെത്തി. സംഗീതത്തെ ദൃശ്യവത്കരിച്ച ചിത്രകാരനെന്ന നിലയിലും പ്രശസ്തനാണ് തിരുവിഴ ജയശങ്കർ. ഭൂപാളം മുതൽ നീലാംബരി വരെയുള്ള ഏഴുരാഗങ്ങളെക്കുറിച്ച് പെയിന്റിങ്ങുകൾ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |