
പാട്ന: സ്വർണ വില പവന് ലക്ഷം കടന്ന് മുന്നേറുമ്പോൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജുവലറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ബീഹാർ. മുഖം മറച്ചുവരുന്ന ഉപഭോക്താക്കളെ ജുവലറികളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ബീഹാർ സർക്കാർ. ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ബീഹാർ. ഓൾ ഇന്ത്യ ജുവലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ നിർദ്ദേശങ്ങളെ തുടർന്നാണ് തീരുമാനം.
പുതിയ നിയമപ്രകാരം ഹിജാബ്, നിഖാബ്, ബുർഖ, സ്കാർഫുകൾ, ഹെൽമെറ്റുകൾ, അല്ലെങ്കിൽ സമാനമായ മുഖാവരണങ്ങൾ ധരിച്ചെത്തുന്നവർക്ക് ജുവലറികളിൽ പ്രവേശിക്കാൻ സാധിക്കില്ല. മുഖം കാണിച്ചില്ലെങ്കിൽ ഇവരെ ജുവലറിയിൽ പ്രവേശിപ്പിക്കുകയോ ഇവർക്ക് ആഭരണങ്ങൾ വിൽക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. തിരിച്ചറിയൽ പരിശോധനയ്ക്ക് ശേഷം മാത്രമേ ജുവലറികളിൽ പ്രവേശിക്കാനാകൂ എന്നും ഫെഡറേഷൻ വ്യക്തമാക്കി. അടുത്തിടെ ജുവലറികളിൽ നടന്ന മോഷണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. സുരക്ഷാ കാരണങ്ങളാൽ മാത്രമാണ് ഈ തീരുമാനമെന്നും ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ മതവഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ വർമ്മ പറഞ്ഞു.
അതേസമയം സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ ജനതാദൾ രംഗത്തെത്തി. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ മതവികാരങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും ആർ.ജെ.ഡി ആരോപിച്ചു. തീരുമാനത്തിന് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസും ആണെന്നും ആർ.ജെ.ഡി കുറ്റുപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |