
ചെന്നൈ: സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് വിജയ് ആരോപിച്ചു. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.
രാഷ്ട്രീയം പിരിവ് അല്ല, ജനങ്ങളെ സേവിക്കാനാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. നമ്മുടെ ശത്രുക്കൾക്കിത് നന്നായി അറിയാം. അതുകൊണ്ടാണ് എനിക്കു ചുറ്റും ഇത്രയധികം ഗൂഢാലോചനകൾ നടക്കുന്നത്. അവയിൽ പ്രധാനം മറ്റാരെങ്കിലും അധികാരത്തിൽ വരുന്നത് തടയാൻ അവർ തമ്മിലുള്ള ഒരു കരാറാണ്. ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ, ഞാനല്ലെങ്കിൽ നീ, നീയല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ അവരുടെ ഉപദീവന മാർഗം ഇല്ലാതായിരിക്കുന്നു എന്നും വിജയ് പരിഹസിച്ചു.
ബാഹ്യമായി അവർ പരസ്പരം ഭിന്നതയിലാണെന്ന് തോന്നിപ്പിക്കുന്നു. എന്റെ രാഷ്ട്രീയ പ്രവേശനം കാരണം അവരുടെ പദ്ധതി നടക്കില്ലെന്ന് അവർ മനസിലാക്കിയെന്നും വിജയ് പറഞ്ഞു. ഡി.എം.കെ സർക്കാരിനെ 'ഒരു വഞ്ചനാപരമായ സർക്കാർ' എന്ന് വിജയ് വിശേഷിപ്പിച്ചു. അതേസമയം,ജനനായകൻ റിലീസ് പ്രശ്നത്തിലിൽ അനുകൂല അഭിപ്രയം പറഞ്ഞതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുള്ള നന്ദി അറിയിച്ചു. ഭാര്യ സംഗീത വിവാഹ മോചന കേസ് നൽകിയതിനു ശേഷം നടന്ന ആദ്യ പാർട്ടി പരിപാടിയായിരുന്നു ഇന്ന് നടന്നത്.
അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകരുടെ സഹകരണ വിള വായ്പകൾ എഴുതിത്തള്ളുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് 50% വരെ ഇളവ് പരിഗണിക്കും. രണ്ട് ഏക്കർ വരെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിത തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |