തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ മറയാക്കിയുള്ള ആക്രമണങ്ങളെ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇരുതലമൂർച്ചയുള്ള വാക്‌ചുരിക വീശി പ്രതിരോധിച്ചതോടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങൾക്ക് കാഠിന്യമേറി.
വിശ്വാസികളുടെ വികാരത്തെ ചവിട്ടിമെതിച്ചുവെന്ന ആക്ഷേപമുയർത്തിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ യു.ഡി.എഫും ബി.ജെ.പിയും ഇടതുമുന്നണിയെ കടന്നാക്രമിച്ചുപോന്നത്.
പാലാ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് ഇത് പ്രചാരണതന്ത്രമാക്കിയെങ്കിലും കേരള കോൺഗ്രസ് പോര് അവിടെ കളമടക്കി വാണതിനാൽ അതിന് മേൽക്കൈ നേടാനായില്ല. പിന്നാലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ പൂർവ്വാധികം ശക്തിയോടെ ശബരിമലവിവാദത്തെ പ്രചാരണായുധമാക്കുകയായിരുന്നു യു.ഡി.എഫ്. ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുന്നില്ലെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെയും അതുവഴി ബി.ജെ.പിയെയും പ്രതിക്കൂട്ടിൽ നിറുത്താൻകൂടി യു.ഡി.എഫ് ശ്രമിക്കുന്നതും അതിനെ തുണച്ച്, സമുദായ സംഘടനയായ എൻ.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ച് നിൽക്കുന്നതും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാനങ്ങൾ. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം ഇരുതലമൂർച്ചയുള്ള ആക്രമണമായത്.
മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥി ശങ്കർ റൈ കപടവിശ്വാസിയാണെന്ന് അധിക്ഷേപിച്ച പ്രതിപക്ഷനേതാവ് അടക്കമുള്ള യു.ഡി.എഫ് നേതാക്കളെയാണ് പിണറായി കടന്നാക്രമിച്ചത്. വിശ്വാസികൾ ഇടതുമുന്നണിക്കോ സി.പി.എമ്മിനോ എതിരാണെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം കക്ഷത്തുവയ്ക്കാൻ പ്രതിപക്ഷനേതാവിന് ആരാണ് അവകാശം നൽകിയതെന്നും ചോദിച്ചു. യു.ഡി.എഫിന്റെ വാദഗതികൾ അതേപടി ഉയർത്തിക്കാട്ടി ശരിദൂരം പ്രഖ്യാപിച്ച എൻ.എസ്.എസ് നേതൃത്വത്തിനെതിരെ മിണ്ടാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു.
പ്രതിപക്ഷനേതാവിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ മുന മറ്റ് പലരിലേക്കും ചെന്നു തറയ്ക്കുന്നതാണെന്ന് വ്യാഖ്യാനമുണ്ട്. ഇടതുസർക്കാർ വിശ്വാസികളെ ചവിട്ടിമെതിച്ചു, സവർണ- അവർണ ചേരിതിരിവിന് ശ്രമിച്ചു എന്നീ ആരോപണങ്ങളുയർത്തിയാണ് എൻ.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചത് എന്നിരിക്കെ, മുഖ്യമന്ത്രിയുടെ ആക്രമണത്തിന്റെ മാനം പലതാണ്. എന്നാൽ, നവോത്ഥാനനായകന്റെ അട്ടിപ്പേറവകാശം കക്ഷത്തുവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹമാണ് തകർന്നതെന്നായിരുന്നു ഇന്നലെ പ്രതിപക്ഷനേതാവിന്റെ മറുപടി.
അതിനിടെ, ശരിദൂരം പ്രഖ്യാപിച്ച എൻ.എസ്.എസ് നേതൃത്വം യു.ഡി.എഫിനായി പ്രത്യക്ഷത്തിൽ തന്നെ കളത്തിലിറങ്ങുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ പ്രത്യേകിച്ചും. കരയോഗങ്ങളിൽ ജനറൽബോഡി വിളിച്ചുചേർത്ത് പ്രധാന ഭാരവാഹികൾ നേരിട്ടെത്തിയാണ് ഇടതുമുന്നണിയെയും ബി.ജെ.പിയെയും വിമർശിക്കുകയും 'ശരിദൂരസിദ്ധാന്തം' ആവർത്തിക്കുകയും ചെയ്യുന്നത്. എൻ.എസ്.എസ് നേതൃത്വം അങ്ങനെ ചെയ്താലും അത് മുഴുവൻ നായർവോട്ടുകളെയും സ്വാധീനിക്കില്ലെന്നാണ് ഇടതുമുന്നണിയും ബി.ജെ.പിയും കരുതുന്നത്. എൻ.എസ്.എസിനോട് പ്രകോപനമില്ലാതെ നീങ്ങാൻ കഴിഞ്ഞദിവസം സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചതും പൂർണമായി ശത്രുപക്ഷത്തേക്ക് മാറ്റേണ്ടെന്ന് കരുതിയാണ്.
നവോത്ഥാന മൂല്യസംരക്ഷണസമിതിയിലേക്ക് എൻ.എസ്.എസിനെയും ക്ഷണിച്ചെങ്കിലും അവർ വരാതിരുന്നിട്ട് കുറ്റം പറയുന്നതിൽ എന്ത് അർത്ഥമെന്ന ചോദ്യം ഇടതുകേന്ദ്രങ്ങളുയർത്തുന്നുണ്ട്. നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിലൂടെ എസ്.എൻ.ഡി.പി യോഗം നേതൃത്വവുമായി കൂടുതൽ അടുക്കാനും മറ്റ് പിന്നാക്ക വോട്ടുകളെ അടുപ്പിക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലും ഇടത് കേന്ദ്രങ്ങളിലുണ്ട്.
എൻ.എസ്.എസ് അകന്നതിന് പുറമേ, ബി.ഡി.ജെ.എസ് ഇടയുന്നതും ബി.ജെ.പിക്ക് തലവേദനയാണെങ്കിലും തിരഞ്ഞെടുപ്പിൽ അതത്ര പ്രതിഫലിക്കില്ലെന്ന വാദമാണവരുടേത്. എൻ.എസ്.എസിലും എസ്.എൻ.ഡി.പിയിലുമുള്ള പരമ്പരാഗതവോട്ടുകൾ കൂടെത്തന്നെ നിൽക്കുമെന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും എൻ.എസ്.എസിന് ഇതേ നിലപാടായിരുന്നു എന്നതുമാണ് ന്യായവാദങ്ങൾ. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായുള്ള ബി.ഡി.ജെ.എസ് നിലപാട് അവർക്കൊരു സമസ്യയായി നിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |