
തിരുവനന്തപുരം: പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്താണ് മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ട ശേഷമാണോ വിഷയം പഠിക്കുന്നതെന്ന ചോദ്യത്തിന് ഇത്തരം ആരോപണങ്ങൾ പതിവാണെന്നും ജനങ്ങൾ ഈ ദുരാരോപണങ്ങൾ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതടക്കം സമിതി പരിശോധിക്കും. ചർച്ചയിലൂടെ ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കൂടുതൽ അഭിപ്രായം ഇപ്പോൾ പറയുന്നില്ല. ജനങ്ങൾക്ക് ഞങ്ങളുടെ നിലപാടിൽ വിശ്വാസമുണ്ട്. ഞങ്ങളെ വർഗീയതയുമായി ചേർക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ആർ.എസ്.എസ് അജൻഡ നടപ്പാക്കാനാണ് ശ്രമം. അതിനാലാണ് ഗാന്ധിവധം മറ്റൊരുതരത്തിൽ ചിത്രീകരിക്കുന്നത്. പി.എം. ശ്രീയിൽ വിവാദങ്ങളുണ്ടായ സാഹചര്യം ഇപ്പോൾ വിശദീകരിക്കുന്നില്ല. മറുപടിയില്ലാത്തതിനാലല്ല, അങ്ങനെയൊരു ധാരണയിൽ എത്തിയതിനാലാണ് മറ്റു കാര്യങ്ങൾ പറയാത്തത്. ധാരണ ഇപ്പോൾ മറികടക്കുന്നില്ല - മുഖ്യമന്ത്രി പറഞ്ഞു.
ഒത്തുതീർപ്പ് ചർച്ച പോയ വഴി
പി.എം.ശ്രീ സംബന്ധിച്ച പാർട്ടി തീരുമാനം സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയെ എം.എ. ബേബി അറിയിച്ചു. ഈ വിവരങ്ങൾ രാജ, ബിനോയ് വിശ്വത്തിന് കൈമാറി. എം.എൻ. സ്മാരകത്തിൽ സി.പി.ഐ സെക്രട്ടേറിയറ്റ് ചേർന്ന് സി.പി.എം നിർദ്ദേശം ചർച്ച ചെയ്ത് സ്വീകരിച്ചു.
തുടർന്ന് ബിനോയ് വിശ്വം, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ എന്നിവർ എ.കെ.ജി സെന്ററിലെത്തി മുഖ്യമന്ത്രി, എം.എ.ബേബി, എം.വി. ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തി. പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് അയയ്ക്കുന്ന കത്തിന്റെ കോപ്പി തങ്ങൾക്കു കൂടി ലഭ്യമാക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള കാര്യങ്ങളിൽ ഇടതുമുന്നണിയോ മന്ത്രിസഭയോ അറിയാതെ ഒരു നീക്കവും നടത്തരുതെന്നുമുള്ള സി.പി.ഐ സെക്രട്ടേറിയറ്റ് തീരുമാനം നേതാക്കൾ ചർച്ചയിൽ വ്യക്തമാക്കി. അത് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും അംഗീകരിച്ചു. ഇതിനുശേഷമാണ് ഇന്നലെ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |