
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ്. 16 സീറ്റ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം.
മധുസൂദൻ മിസ്ത്രി ചെയർമാനായ നാലംഗ സ്ക്രീനിംഗ് കമ്മിറ്റി ചൊവ്വാഴ്ചയും ബുധനാഴ്ചയും തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തും. സംസ്ഥാന നേതാക്കളായ ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ), ബിനു ചുള്ളിയിൽ (ചെങ്ങന്നൂർ ), അബിൻ വർക്കി (ആറന്മുള), കെ.എം.അഭിജിത്ത് (നാദാപുരം/ കൊയിലാണ്ടി), ജിൻഷാദ് ജിന്നാസ് (അരൂർ), ജോമോൻജോസ് (തൃക്കരിപ്പൂർ), ജയഘോഷ് (പാലക്കാട്) എന്നിങ്ങനെ സ്ഥാനാർത്ഥികൾ വേണമെന്ന നിർദ്ദേശമാവും വയ്ക്കുക. ചേലക്കരയിൽ ശ്രീലാൽ ശ്രീധറിന്റെയും കായംകുളത്ത് അരിത ബാബുവിന്റെയും പേരുകളും ഉയരുന്നുണ്ട്.
അഞ്ച് സീറ്റുകളാണ് കെ.എസ്.യു ആവശ്യപ്പെട്ടിട്ടുള്ളത്. പാലക്കാട് സീറ്റിൽ മാങ്കൂട്ടത്തിലിന് പകരം സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുവത്വവും അനുഭവ സമ്പത്തും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിക്കണമെന്ന് എ.ഐ.സി.സി നിർദ്ദേശമുണ്ടെങ്കിലും വിജയസാദ്ധ്യതയ്ക്കാവും മുൻതൂക്കം. സിറ്റിംഗ് സീറ്റുകൾ നിലനിറുത്താൻ നിലവിലെ എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |