
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 13 മുതൽ അദ്ധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ അടിയന്തരമല്ലാത്ത ചികിത്സകളും നിറുത്തിവച്ചാണ് സമരം. സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെയാണിത്.
19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്. സി.എസ് എന്നിവർ അറിയിച്ചു. സമരംമൂലം ഒ.പി പ്രവർത്തനം തടസപ്പെടുന്നത് രോഗികളെ വലയ്ക്കും. ലേബർ റൂം, ഐ.സി.യു, വാർഡിലെചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം എന്നിവയ്ക്ക് തടസമുണ്ടാകില്ല.
ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഡി.എ കുടിശിക നൽകുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ജൂലൈ ഒന്നുമുതൽ കെ.ജി.എം.സി.ടി.എ പ്രതിഷേധത്തിലാണ്.
ആഴ്ചയിലൊരിക്കൽ ഒ.പി ബഹിഷ്കരണവും നടത്തിയിരുന്നു. നവംബർ 10ന് ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഭാരവാഹികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |