
തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രന്റെ ഓർമ്മകൾക്ക് ഇന്നേക്ക് ഒരുവർഷം. കഴിഞ്ഞവർഷം സ്‌കൂൾ കലോത്സവത്തിന്റെ ആരവങ്ങൾക്ക് തിരുവനന്തപുരത്ത് തിരശ്ശീല വീണതിന്റെ പിറ്റേന്നായിരുന്നു നാദസൗഭഗത്തിന്റെ ശ്രുതിതാഴ്ത്തി അദ്ദേഹം യാത്രയായത്. ഇക്കൊല്ലത്തെ കലോത്സവത്തിനു 14ന് തൃശൂരിൽ അരങ്ങുണരുമ്പോൾ പ്രിയഗായകനുണ്ടായിരുന്നെങ്കിൽ, ആ ശബ്ദമൊന്ന് കേട്ടിരുന്നെങ്കിൽ എന്ന് മോഹിക്കാത്തവരില്ല.
2018ൽ സ്‌കൂൾ കലോത്സവം തൃശൂരിൽ നടന്നപ്പോൾ വേദിയിൽ ജയചന്ദ്രനുണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥായിരുന്നു ക്ഷണിച്ചത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി..." എന്ന ഗാനത്തിന്റെ നാലുവരി ആലപിച്ചപ്പോൾ ജനം ആർത്തിരമ്പി. മത്സരാർത്ഥികൾക്ക് ആവേശമായി. യഥാർത്ഥ പ്രതിഭയാണെങ്കിൽ നിങ്ങൾക്ക് സമ്മാനം ലഭിക്കുമെന്നും പ്രതിഭകൾ എന്നായാലും അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദാസേട്ടനുമായി കലോത്സവത്തിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും പങ്കിട്ടു.
ഭാവഗായകനില്ലാത്ത
ആ സ്മൃതിചിത്രം
1958ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഒന്നാം സമ്മാനം ലഭിച്ചവർ ചേർന്ന് കച്ചേരി അവതരിപ്പിച്ചിരുന്നു. ആ ചിത്രത്തിലെ ഗായകൻ വായ്പാട്ടിൽ ഒന്നാമതെത്തിയ എറണാകുളം പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസിലെ യേശുദാസനായിരുന്നു. മൃദംഗം വായിച്ചത് ലയവാദ്യത്തിൽ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിലെ ജയചന്ദ്രൻ കുട്ടനും. യേശുദാസൻ ഗാനഗന്ധർവനും ജയചന്ദ്രൻ കുട്ടൻ ഭാവഗായകനുമായി. 1958ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. തൊട്ടടുത്ത വർഷം വായ്പാട്ടിൽ ജയചന്ദ്രൻ ഒന്നാമനായി.
ഇരിങ്ങാലക്കുടയിൽ
നിന്ന് കലോത്സവത്തിലേക്ക്
ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ കെ.വി.രാമനാഥൻ മാഷായിരുന്നു ജയചന്ദ്രനിലെ ഗായകനെ തൊട്ടുണർത്തിയത്. ഏറക്കുറെ അന്തർമുഖനായിരുന്ന പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പതിമൂന്നുകാരൻ വെള്ളിയാഴ്ച വൈകിട്ടുള്ള സാഹിത്യസമാജം പീരിയഡിൽ പാടിക്കേട്ട ഒരു തമിഴ് പാട്ട് ഓർമ്മയിൽ സൂക്ഷിച്ചിരുന്നു രാമനാഥൻ മാഷ്. അതേവർഷം നാഷണൽ സ്‌കൂളിന്റെ പ്രതിനിധിയായി ആ പാട്ടുകാരൻ കുട്ടനെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുപ്പിച്ചതും മാഷായിരുന്നു. ഇന്ന് മാഷും ജയചന്ദ്രനുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |